രാജ്യത്ത് ക്രൈസ്തവർക്കു നേരേയുള്ള ആക്രമണങ്ങള്‍ സംബന്ധിച്ച കണക്കുകൾ പെരുപ്പിച്ച് കാണിക്കുകയാണെന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. വ്യക്തികൾ തമ്മിൽ ഉണ്ടാകുന്ന തർക്കം പോലും ക്രൈസ്തവ വേട്ടയാടൽ ആയി ചിത്രീകരിക്കുന്നുവെന്ന് സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ഹർജിക്കാരുടെ വാദം അടിസ്ഥാനരഹിതം ആണെന്നും സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള ക്രിസ്ത്യൻ പുരോഹിതന്മാർക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും എതിരായ ആക്രമണങ്ങൾ തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ ഉള്‍പ്പടെയുള്ളവർ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്.നരസിംഹ, ജസ്റ്റിസ് ജെ.ബി.പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഭരണഘടന ഉറപ്പ് നൽകുന്ന ആരാധനാസ്വാതന്ത്ര്യം തടയുന്നവർക്കെതിരെ നിയമപരമായ നടപടിയുണ്ടാകും. ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിനും എല്ലാ മതവിഭാഗത്തിൽ പെട്ടവർക്കും നിയമപ്രകാരമുള്ള തുല്യപരിരക്ഷ ഉറപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. കേന്ദ്രസർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്. ഹർജിക്കാരൻ കോടതിയിൽ നൽകിയ കണക്കുകൾ തെറ്റാണെന്ന് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയിൽ പറഞ്ഞു.