സാങ്കേതിക പ്രശ്നങ്ങളും പ്രതികൂല കാലാവസ്ഥയും മൂലം വിക്ഷേപണം മുടങ്ങിയ ആർട്ടെമിസ് 1 മൂൺ റോക്കറ്റ് നവംബർ 14 ന് കുതിക്കും. നവംബർ നാലിന് റോക്കറ്റ് ലോഞ്ച് പാഡിലേക്ക് തിരികെ കൊണ്ടുപോകുമെന്ന് നാസ അറിയിച്ചു. ഫ്ലോറിഡയിൽ ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ സുരക്ഷാ ആശങ്കകൾ കാരണമാണ് നേരത്തെ ആർട്ടെമിസ് വിക്ഷേപണം മാറ്റിവച്ചത്.
ബഹിരാകാശയാത്രികരുമൊത്തുള്ള ഫ്ലൈറ്റുകൾക്ക് മുമ്പ് അതിന്റെ സിസ്റ്റം സമഗ്രമായി പരിശോധിക്കുന്നതിനായി SLS വിക്ഷേപിക്കാനും ഓറിയോണിനെ ചന്ദ്രനുചുറ്റും ഭൂമിയിലേക്ക് തിരികെ അയയ്ക്കാനുമുള്ള ഒരു അൺക്രൂഡ് ഫ്ലൈറ്റ് ടെസ്റ്റാണ് ആർടെമിസ് I എന്ന് നാസ പറഞ്ഞു. സെപ്റ്റംബർ 29ന് രാവിലെ 8.33ന് (ഇന്ത്യൻ സമയം വൈകീട്ട് 6.03ന്) വിക്ഷേപണത്തിനായിരുന്നു ആദ്യ പദ്ധതി. എന്നാൽ, സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലെ നാല് ആർ.എസ്-25 എൻജിനുകളിൽ ഒന്ന് താപനില വ്യതിയാനത്തെ തുടർന്ന് തകരാറിലായി. ഇതേ തുടർന്ന് ആദ്യ വിക്ഷേപണം റദ്ദാക്കുകയായിരുന്നു.
റോക്കറ്റിൽ പ്രത്യേകമായാണ് യാത്രികർക്കുള്ള പേടകമായ ഓറിയോൺ ഘടിപ്പിക്കപ്പെടുന്നത്. 21 ദിവസം വരെ യാത്രക്കാരുമായി ബഹിരാകാശത്ത് കഴിയാൻ ഓറിയോണിനു കഴിയും. ദൗത്യ നിർവഹണത്തിന് ശേഷം പസഫിക് സമുദ്രത്തിൽ ഇത് വീഴും. നാലുപേർക്ക് സഞ്ചരിക്കാവുന്ന ഓറിയോൺ പേടകത്തിൽ യാത്രക്കാർക്ക് പകരം മൂന്ന് ഡമ്മികൾ മാത്രമാണുള്ളത്. കാംപോസും ഹെൽഗയും സോഹാറും. ഈ ഡമ്മികളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ മനുഷ്യയാത്രക്ക് പേടകം സജ്ജമാണോ എന്ന് വ്യക്തമാക്കും.
ഭൂമിയിലേക്ക് പേടകം തിരികെ പ്രവേശിക്കുമ്പോൾ അനുഭവിക്കേണ്ടി വരുക 2760 ഡിഗ്രി സെൽഷ്യസ് ചൂടാണ്. ഈ ചൂട് പേടകത്തിന് അതിജീവിക്കാനാകണം. പേടകത്തിലെ ഡമ്മികൾ ത്വരണം (acceleration), കമ്പനം (vibration), വികിരണം (radiation) എന്നിവയുടെ തോത് രേഖപ്പെടുത്തും. ചന്ദ്രോപരിതലത്തെ കുറിച്ച് പഠിക്കുന്നതിനായി ക്യൂബ്സാറ്റ്സ് എന്ന 10 ചെറിയ ഉപഗ്രഹങ്ങളെയും റോക്കറ്റ് വിന്യസിക്കും.
ഭാവിയിൽ ചൊവ്വയിലേക്ക് മനുഷ്യരെ കൊണ്ടുപോവുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ആദ്യ പടിമാത്രമാണ് ആർട്ടെമിസ് പദ്ധതിയിലൂടെ നാസ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ഗേറ്റ് വേ എന്ന ബഹിരാകാശ നിലയവും ചന്ദ്രോപരിതലത്തിലെ അടിത്തറയും ഉപയോഗിച്ച് ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യമാണ് പദ്ധതി.