ഉത്തരേന്ത്യയിൽ പയറ്റിയ അതേ വർഗ്ഗീയ വിഭജന രാഷ്ട്രീയമാണ് ബിജെപി കർണാടകയിൽ പയറ്റി നോക്കിയതെന്ന് ശശി തരൂർ എന്നാൽ ഈ തന്ത്രം പാളി. മറുവശത്ത് സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തി പിടിച്ചാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത് ആ നീക്കം ഫലം കണ്ടുവെന്നാണ് മനസ്സിലാക്കുന്നത്. ഉത്തരേന്ത്യയിലെ വിഭജനരാഷ്ട്രീയം ദക്ഷിണേന്ത്യയിൽ ചിലവാകിലെന്ന് ബിജെപി പഠിച്ചുകാണുമെന്നും തരൂർ പറഞ്ഞു.
ദി എഡിറ്റോറിയലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പ്രാദേശിക നേതൃത്വത്തിന് യാതൊരു വിലയും കൊടുക്കാത്ത പാർട്ടിയാണ് ബിജെപി. എല്ലാം അവിടെ മോദിയെ കേന്ദ്രീകരിച്ചാണ്. തെരഞ്ഞെടുപ്പിൽ ആരെങ്കിലും മത്സരിച്ചോട്ടെ നിങ്ങൾ മോദിക്ക് വോട്ട് ചെയ്യൂ എന്നതാണ് അവരുടെ നിലപാട്. അതു തെറ്റാണ്, മോദിയുടെ ഡബിൾ എഞ്ചിൻ സർക്കാർ എന്ന നുണ കർണാടകയിലെ ജനം സ്വന്തം അനുഭവത്തിൻ്റെ അടിസ്ഥാനത്തിലാണ് തള്ളിക്കളഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തരൂരിൻ്റെ വാക്കുകൾ –
ഹലാൽ, ഹിജാബ്, ടിപ്പു സുൽത്താൻ തുടങ്ങി വർഗീയ കാര്യങ്ങൾ പറഞ്ഞാണ് ബിജെപി കർണാടകയിൽ രാഷ്ട്രീയം കളിച്ചത്. എന്നാൽ സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങൾ മുൻനിർത്തിയാണ് കോൺഗ്രസ് പ്രചാരണം നടത്തിയത് ആ തന്ത്രം ഫലം കണ്ടെന്നും ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ വർഗീയ അജൻഡ ദക്ഷിണേന്ത്യയിൽ നടപ്പാക്കാനാവില്ലെന്ന വ്യക്തമായ സന്ദേശം ബിജെപിക്ക് കർണാടകയ്ക്ക് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
എൻ്റ രാഷ്ട്രീയ ജീവിതത്തിൽ എല്ലാവരേയും ഒരുമിച്ചു നിർത്താനാണ് ഇന്നേ വരെ ശ്രമിച്ചത്. ആരേയും അധിക്ഷേപിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല.. രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതി. തെരഞ്ഞെടുപ്പിൽ ജയിച്ച് തിരുവനന്തപുരത്ത് ആദ്യമായി എത്തിയപ്പോൾ ഞാൻ ആദ്യം പോയി കണ്ടത് അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെയാണ്. തെരഞ്ഞെടുപ്പോടെ രാഷ്ട്രീയ മത്സരം കഴിഞ്ഞെന്നും ഇനി നാടിനായി ഒന്നിച്ചു നിൽക്കാമെന്നുമാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. ഇപ്പോഴും ആ നയത്തിൽ എനിക്ക് മാറ്റമില്ല. കേരളരാഷ്ട്രീയത്തിലാണ് ഞാൻ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന വാദം ശരിയല്ല. സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും അന്താരാഷ്ട്ര രാഷ്ട്രീയത്തിലും എനിക്കൊരു പോലെ താത്പര്യമുണ്ട്.