ബിരുദ വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചതായി പരാതി. തന്നെ മയക്കുമരുന്ന് നല്കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
വ്യാഴാഴ്ച താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ബിരുദ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ചൊവ്വാഴ്ചയാണ് വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയത്.ക്ലാസില്‍ വരാത്തതിനെ തുടര്‍ന്ന് കോളേജില്‍ നിന്ന് വീട്ടിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടി വീട്ടിലും എത്തിയിട്ടില്ലെന്ന് മനസിലാകുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി.
ചൊവ്വാഴ്ചയാണ് താമരശ്ശേരിയിലെ കോളേജില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതാകുന്നത്. താമരശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തില്‍ താമരശ്ശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി ലഹരിമരുന്ന് നല്കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവത്തില്‍ താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.