‘ദ കേരള സ്റ്റോറി’ തമിഴ്നാട്ടില്‍ നിരോധിച്ചതല്ലെന്നും ആളുകള്‍ കയറാത്തതുകൊണ്ട് തിയേറ്റര്‍ ഉടമകള്‍ സ്വയം ഒഴിവാക്കിയതാണെന്നും തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ചിത്രത്തിന് നിരോധനമുണ്ടെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കള്‍ നല്കിയ ഹര്‍ജിയില്‍ തമിഴ്നാട് പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു തമിഴ്നാട് സര്‍ക്കാര്‍.
‘അറിയപ്പെടുന്ന അഭിനേതാക്കളുടെ അഭാവം, മോശം പ്രകടനം, പ്രേക്ഷകരുടെ കുറവ് തുടങ്ങിയ കാരണങ്ങളാല്‍ മെയ് ഏഴ് മുതല്‍ മള്‍ട്ടിപ്ലക്സ് ഉടമകള്‍ ചിത്രം സ്വയം പിന്‍വലിക്കുകയായിരുന്നു,’ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ഹിന്ദിയിലുള്ള ചിത്രം മെയ് 5ന് 19 തിയേറ്ററുകളിലാണ് റിലീസ് ആയത്. പ്രത്യേക നിയന്ത്രണമൊന്നും ചിത്രത്തിന് ഏര്‍പ്പെടുത്തിയിട്ടില്ല. ആര്‍ട്ടിക്കിള്‍ 19(1) (എ) പ്രകാരമുള്ള ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സംസ്ഥാനം എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
സുപ്രീം കോടതിയില്‍ പരാതി നല്കി സിനിമയ്ക്ക് പബ്ലിസിറ്റി ഉണ്ടാക്കാനാണ് സിനിമാ നിര്‍മാതാക്കള്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. നിര്‍മാതാക്കള്‍ സുപ്രീം കോടതി നടപടിക്രമങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. തമിഴ്നാട് സര്‍ക്കാര്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞു എന്ന പേരില്‍ തെറ്റായ പ്രസ്താവന ഇറക്കുകയാണെന്നും സത്യവാങ് മൂലത്തില്‍ പറയുന്നു.