പ്രണയത്തിന് പ്രായവും സൗന്ദര്യവും മതവുമൊന്നും ഒരു പ്രശ്നമല്ല. എന്നാൽ ഇത് മാത്രമല്ല പ്രണയിക്കുന്നവർക്ക് ദൂരവും ഒരു പ്രശ്നമല്ല. ഏത് കടലും താണ്ടി പങ്കാളിയെ തേടിയെത്തുന്ന പ്രണയിതാക്കളുമുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നടന്നിരിക്കുന്നത്. ദീർഘനാളായി പ്രണയിക്കുന്ന കാമുകനെ വിവാഹം കഴിക്കാനായി ഭാഷയുടേയും സംസ്കാരത്തിൻ്റെയും അതിർ വരമ്പുകൾ കടന്ന് ഒരു സ്വീഡിഷ് പെൺകൊടി ഉത്തർ പ്രദേശിൽ എത്തിയിരിക്കുകയാണ്.
ഉത്തർ പ്രദേശ് ഇതാഹിലെ പവൻ കുമാറാണ് കഥയിലെ നായകൻ. 2012 ലാണ് പവനും സ്വീഡിഷ് വനിതയായ ക്രിസ്റ്റൻ ലീബർട്ടും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. പിന്നീട് ഇവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറി. ഇരുവരും പതിനൊന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായി. ഇതാഹിൽ വച്ച് ഹൈന്ദവ ആചാരപ്രകാരവും ക്രിസ്റ്റൻ ആചാര പ്രകാരവും ഇവർ വരണമാല്യം ചാർത്തി.
അതേസമയം മകൻ വിദേശ വനിതയെ വിവാഹം കഴിക്കുന്നതിൽ എതിർപ്പില്ലായിരുന്നുവെന്ന് പവൻ്റെ കുടുംബം പറയുന്നു. മക്കളുടെ സന്തോഷത്തിലാണ് കുടുംബത്തിൻ്റെ സന്തോഷമിരിക്കുന്നതെന്നും അതുകൊണ്ട് തങ്ങൾ സന്തുഷ്ടരാണെന്നും കുടുംബം വ്യക്തമാക്കി. ബി.ടെക്ക് ബിരുദധാരിയായ പവൻ നിലവിൽ എഞ്ചിനീയറായി ജോലി നോക്കുകയാണ്.