ചെന്നൈയില്‍ പ്രളയത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി നടന്മാരായ സൂര്യയും കാര്‍ത്തിയും. ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും പത്ത് ലക്ഷം രൂപയാണ് സംഭാനവന നല്‍കിയത്. താരങ്ങളുടെ അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.
മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് വെള്ളപ്പൊക്കം വലിയ ദുരിതം ഉണ്ടാക്കിയ ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍ എന്നീ സ്ഥലങ്ങളിലായിരിക്കും ആദ്യ ഘട്ട സഹായം ലഭിക്കുക. ഇരുവരുടെയും ഫാന്‍സ് അസോസിയേഷനുകളുമായി സഹകരിച്ചാണ് താരങ്ങള്‍ സഹായം എത്തിക്കുന്നത്.
അതേസമയം പ്രളയത്തെ തുടര്‍ന്ന് ചെന്നൈയില്‍ മരണം എട്ടായി. മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ കനത്ത മഴയില്‍ ചെന്നൈ നഗരവും പരിസര പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങുകയായിരുന്നു. കഴിഞ്ഞ 49 മണിക്കൂറിനുള്ളില്‍ ചെന്നൈയിലെ പെരുങ്കുടിയില്‍ മാത്രം 740 mm മഴയാണ് പെയ്തത്. 2015ല്‍ ചെന്നൈയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന് കാരണമായ മഴയുടെ അളവിനേക്കാള്‍ കൂടുതലാണ് ഇത്തവണ പെയ്തിരിക്കുന്നത്.