സുപ്രീംകോടതിയുടെ 49ാം ചീഫ് ജസ്റ്റിസായി ചുമതലയേറ്റ യു.യു ലളിതിന്റെ ആദ്യദിനത്തിൽ സുപ്രധാന ഹർജികളിൽ വാദം കേൾക്കും. യുഎപിഎ കേസിൽ ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹർജിയും ഇതിൽ ഉൾപ്പെടുന്നു. കർണാടക സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിനെതിരെയുള്ള ഹർജിയും പരിഗണിക്കുന്നുണ്ട്.
2020 ഓഗസ്റ്റ് അഞ്ചിന് ഉത്തർപ്രദേശിലെ ഹാത്രസിൽ ദളിത് പെൺകുട്ടി ബലാത്സംഘത്തിനിരയായി കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകുമ്പോഴായിരുന്നു കാപ്പൻ അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് ബന്ധമാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. യുഎപിഎ പ്രകാരം രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകൽ, മറ്റ് ഗുരുതര കുറ്റങ്ങൾ തുടങ്ങിയവയാണ് ഉത്തർപ്രദേശ് പോലീസ് കാപ്പനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. രാജ്യദ്രോഹത്തിനെതിരായ നിയമം സുപ്രീംകോടതി മരവിപ്പിച്ചപ്പോൾ പ്രതികരണവുമായി കാപ്പന്റെ ഭാര്യ റൈഹാനത്ത് രംഗത്ത് വന്നിരുന്നു.
മാർച്ച് പതിനഞ്ചിനായിരുന്നു കർണാടക സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി ശരിവച്ചത് . അടുത്ത ദിവസം തന്നെ ഹൈക്കോടതി വിധിക്കെതിരെ ചില വിദ്യാർത്ഥിനികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ അടിയന്തിരമായി ഹർജി പരിഗണിക്കാൻ സുപ്രീംകോടതി തയ്യാറായിരുന്നില്ല. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.