ദില്ലി: വിവാഹമോചനത്തിനുള്ള നിയമങ്ങളിൽ സുപ്രധാന ഭേദഗതിയുമായി സുപ്രീംകോടതി. ഒരുരീതിയിലും മുന്നോട്ട് പോകാൻ സാധിക്കാത്ത വിധം അകന്നു പോയ ദമ്പതികൾക്ക് ഭരണഘടനയുടെ 142-ാം അനുച്ഛേദം ഉപയോഗിച്ച് അടിയന്തരമായി വിവാഹമോചനം നേടാമെന്നും ഇതിനായി ആറു മാസത്തെ നിർബന്ധിത കാത്തിരിപ്പ് സമയം ഒഴിവാക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം കൂട്ടിയോജിപ്പിക്കാൻ സാധിക്കാത്ത വിധം ദമ്പത്യബന്ധം തകർന്നുവെന്ന് ഉറപ്പിക്കാൻ ചില മാനദണ്ഡങ്ങളും സുപ്രീംകോടതി മുന്നോട്ട് വച്ചിട്ടുണ്ട്. മെയിന്റനൻസ്, ജീവനാംശം, കുട്ടികളുടെ സംരക്ഷണം എന്നിവ പരമാവധി സന്തുലിതമായി നടപ്പാക്കാനുള്ള മാർഗനിർദേശങ്ങളും പുതിയ വിധിയിലൂടെ സുപ്രീംകോടതി മുന്നോട്ട് വച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 ബി പ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായുള്ള നിർബന്ധിത കാത്തിരിപ്പ് കാലയളവ് ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം വിനിയോഗിച്ച് സുപ്രീം കോടതിക്ക് ഒഴിവാക്കാനാകുമോ എന്നതായിരുന്നു ഭരണഘടനാ ബെഞ്ച് പരിഗണിച്ച പ്രധാന വിഷയം. പരസ്പര സമ്മതത്തോടെയുള്ള വേർപിരിയാൻ തീരുമാനിച്ച ദമ്പതികളെ നിയമനടപടികൾക്കായി കുടുംബ കോടതികളിലേക്ക് റഫർ ചെയ്യാതെ വിവാഹമോചനം നൽകാനാണ് ഒടുവിൽ കോടതി തീരുമാനിച്ചത്.
ഏഴ് വർഷം മുമ്പ് ജസ്റ്റിസുമാരായ ശിവകീർത്തി സിംഗ്, ആർ ഭാനുമതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് അഞ്ചംഗ ബെഞ്ചിന് കൈമാറിയത്. “ആർട്ടിക്കിൾ 142 മൗലികാവകാശങ്ങളുടെ അടിസ്ഥാനത്തിൽ പരിഗണിക്കണം. അത് ഭരണഘടനയുടെ അപകീർത്തികരമല്ലാത്ത പ്രവർത്തനത്തിന് വിരുദ്ധമാകണം. അധികാരത്തിന് കീഴിലുള്ള കോടതിക്ക് നീതി പൂർത്തിയാക്കാൻ അധികാരമുണ്ട്,” ബെഞ്ച് പറഞ്ഞു.
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13-ബി പ്രകാരം നിർദ്ദേശിച്ചിട്ടുള്ള നിർബന്ധിത കാലയളവിനായി കാത്തിരിക്കുന്നതിന് കുടുംബ കോടതികളിലേക്ക് റഫർ ചെയ്യാതെ സമ്മതത്തോടെയുള്ള കക്ഷികൾ തമ്മിലുള്ള വിവാഹം വേർപെടുത്താൻ സുപ്രീം കോടതിയുടെ പ്ലീനറി അധികാരം ഉപയോഗിക്കുന്നത് സംബന്ധിച്ച ഒരു കൂട്ടം ഹരജികളിലാണ് വിധി വന്നത്.
കേസിൽ കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകരായ ഇന്ദിര ജയ്സിംഗ്, വി ഗിരി, കപിൽ സിബൽ, ദുഷ്യന്ത് ദവെ, മീനാക്ഷി അറോറ എന്നിവരെ അമിക് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. മുതിർന്ന അഭിഭാഷകരായ വി മോഹന, ജയ് സാവ്ല, അഭിഭാഷകൻ അമോൽ ചിത്താലെ എന്നിവരും കേസിൽ ഹാജരായി.
1955-ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 ബി (1) പ്രകാരം, ഒരു വർഷമോ അതിൽ കൂടുതലോ വേർപിരിഞ്ഞ് താമസിക്കുന്ന ദമ്പതികൾക്ക് ജില്ലാ കോടതിയിൽ വിവാഹമോചനത്തിനായി ഹർജി സമർപ്പിക്കാം.
13 ബി (2) പ്രകാരം, വിവാഹമോചനം തേടുന്ന രണ്ട് കക്ഷികളും വിവാഹമോചനം ലഭിക്കുന്നതിന് അവരുടെ ഹർജി സമർപ്പിച്ച തീയതി മുതൽ 6 മുതൽ 18 മാസം വരെ കാത്തിരിക്കണം. കക്ഷികൾക്ക് അവരുടെ ഹർജി പിൻവലിക്കാനും ഒത്തുതീർപ്പ് ചർച്ചകൾ നടത്താനും മതിയായ സമയം ലഭിക്കുന്നതിനാണ് ആറ് മാസത്തെ കാലാവധി നൽകിയിരിക്കുന്നത്.
നിർദിഷ്ട സമയപരിധി കഴിഞ്ഞും ഇരു കക്ഷികളും വിവാഹമോചനം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ ആ തീയതിയിൽ വിവാഹമോചനം അനുവദിച്ച് കോടതി ഉത്തരവ് പുറപ്പെടുവിക്കും. വിവാഹം നടന്ന് ഒരു വർഷമെങ്കിലും കഴിയുമ്പോൾ ഈ വ്യവസ്ഥകൾ ബാധകമാണ്. ഇതുകൂടാതെ, വ്യഭിചാരം, ക്രൂരത, ഉപേക്ഷിക്കൽ, മതപരിവർത്തനം, മാനസിക പ്രശ്നങ്ങൾ, ലൈംഗീകരോഗം എന്നീ കാരണങ്ങൾ അടിസ്ഥാനമാക്കിയും വിവാഹമോചനത്തിന് അപേക്ഷിക്കാം.