യുഎഇ:അൽ ഐൻ മലയാളി സമാജവും ഇന്ത്യൻ സോഷ്യൽ സെൻ്ററും സംയുക്തമായി നടത്തിവരുന്ന വേനൽ അവധി ക്യാമ്പായ മധുരം മലയാളത്തിൻ്റെ 24-ാം അധ്യായം ജൂലൈ 5 മുതൽ 14 വരെയുള്ള 10 ദിവസങ്ങളിലായി നടന്നു. സമാപന സമ്മേളനത്തിലും സർട്ടിഫിക്കറ്റുകളുടെ വിതരണത്തിലും, ഇന്ത്യൻ സോഷ്യൽ സെൻ്ററിൻ്റെ മുഖ്യവേദിയിലെ തിങ്ങിനിറഞ്ഞ സദസിൽ നൂറു കണക്കിന് വിദ്യാർത്ഥി – വിദ്യാർത്ഥിനികളും രക്ഷിതാക്കളുമാണ് പങ്കെടുത്തത്.
LKG മുതൽ 3-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെയും 4-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെയും രണ്ടു വിഭാഗമായും തിരിച്ചാണ് മധുരം മലയാളം ക്യാമ്പ് പൂർത്തിയായത്. വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ പ്രോൽസാഹിപ്പിക്കുന്നതും മലയാള ഭാഷാ പരിജ്ഞാനം വർധിപ്പിക്കുന്നതും കായിക വാസനകളെ പ്രോൽസാഹിപ്പിക്കുന്നതും ശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതുമായ തരത്തിൽ വിവിധ അദ്ധ്യായങ്ങളാണ് ക്യാമ്പിൽ അവതരിപ്പിക്കപ്പെട്ടത്.
കേരളത്തിൽ നിന്നെത്തിയ പ്രമുഖ നാടക പ്രവർത്തകൻ സതീഷ് ജി നായർ, മലയാളം മിഷൻ അധ്യാപകർ ശാസ്ത്ര സാഹിത്യ പരിഷത് അധ്യാപകർ മുതിർന്ന വിദ്യാർത്ഥികൾ തുടങ്ങി പതിനഞ്ചോളം അധ്യാപകരാണ് ഈ 10 ദിവസങ്ങളിലായി ക്ലാസുകൾ കൈകാര്യം ചെയ്തത്.
മലയാളി സമാജം പ്രസിഡൻ്റ് എസ് രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽക്കൂടിയ സമാപന സമ്മേളനത്തിൽ സമാജം ജോ സെക്രട്ടറി ഹാരിസ് സ്വാഗതവും ട്രഷറർ ഉമർ മംഗലത്ത് നന്ദിയും ആശംസിച്ചു. തുടർന്ന് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ബിജിൻ ലാൽ മുഖ്യാതിഥിയെ സദസ്സിനു പരിചയപ്പെടുത്തി. റേഡിയോ കേരളം 1476 റേഡിയോ ജേണലിസ്റ്റ് ഹിഷാം അബ്ദുൾ സലാം മുഖ്യ പ്രഭാഷണം നടത്തി. ISC വൈ. പ്രസിഡൻ്റ് സലിം, ജന.സെക്രട്ടറി സന്തോഷ് കുമാർ, ട്രഷറർ അഹമ്മദ് മുനാവർ, ലോകകേരള സഭാംഗം ജിമ്മി, സമാജം രക്ഷാധികാരി സമിതിയംഗം രമേശ് കുമാർ തുടങ്ങിയവർ സമാപന ചടങ്ങിന് ആശംസകൾ നേർന്നു. സമാജം വൈസ് പ്രസിഡൻ്റ് ഡോ. സുനീഷ് അവതാരകനായി വന്ന് യോഗ നടപടികൾ നിയന്ത്രിച്ചു.
ക്യാമ്പിൻ പങ്കെടുത്ത കുട്ടികളുടെ കലാ-സാഹിത്യ സൃഷ്ടികൾ സമാഹരിച്ച് രൂപപ്പെടുത്തിയ തളിർക്കൂട്ടം എന്ന കൈയെഴുത്തു മാസികയുടെ പ്രകാശനവും മലയാളി സമാജം ആരംഭിക്കുന്ന ചെമ്പട മേളം എന്ന ചെണ്ടക്കളരിയുടെ പോസ്റ്റർ പ്രകാശനവും മുഖ്യാതിഥി ഹിഷാം അബ്ദുൾ സലാമും ക്യാമ്പിൻ്റെ മുഖ്യപരിശീലകൻ സതീഷ് ജി നായരും ചേർന്നു നിർവ്വഹിച്ചു
സതീഷ് ജി നായരുടെ സംവിധാനത്തിൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ അവതരിപ്പിച്ച മധുരമേ .. മലയാളമേ എന്ന നാടകീയ നൃത്ത കാവ്യ ശില്പം കാണികൾക്ക് ഒരു കലാവിരുന്നു തന്നെയായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത 170 കുട്ടികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതോടെ ഈ വർഷത്തെ ഈ വർഷത്തെ ക്യാമ്പ് സമാപിച്ചു.