ആറ് മാസം നീണ്ട ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സുല്‍ത്താന്‍ അല്‍ നയാദിയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി. യുഎഇ സമയം രാവിലെ 8.17നാണ് സ്പേസ് എക്സ് ഡ്രാഗണ്‍ ഫ്ളോറിഡയില്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ ജാക്സണ്‍വില്‍ തീരത്ത് സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.
186 ദിവസമാണ് അല്‍ നയാദിയും സംഘവും ബഹിരാകാശാത്ത് ചെലവഴിച്ചത്. അറബ് ചരിത്രത്തില്‍ ഏറ്റവും നീളം കൂടിയ ബഹിരാകാശ യാത്രയാണ് അല്‍ നയാദിയുടേത്. യാത്രയും തിരിച്ചുവരും രാജ്യം ആഘോഷിക്കുകയാണെന്നും സുപ്രധാന നേട്ടത്തില്‍ യുഎഇ അഭിമാനം കൊള്ളുന്നുവെന്നും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ നഹ്യാന് ട്വീറ്റ് ചെയ്തു.
‘അല്‍ നയാദി, ബഹിരാകാശ പര്യവേഷണത്തില്‍ സുപ്രധാന നേട്ടം കൈവരിച്ച നിന്നെയും ടീമിനെയും ഓര്‍ത്ത് യുഎഇ അഭിമാനം കൊള്ളുന്നു.
ഒരു രാജ്യത്തിന്റെ സ്വപ്നത്തെ നിങ്ങള്‍ പുതിയ അതിര്‍ത്തികളിലേക്ക് കൊണ്ടു പോയി. ഈ യാത്രയും സുരക്ഷിതമായ തിരിച്ചുവരും നമ്മള് ആഘോഷിക്കുകയാണ്,’ പ്രസിഡന്റ് ട്വീറ്റ് ചെയ്തു.
فتح مدخل مركبة دراجون على متن سفينة الإنقاذ.#طموح_زايد pic.twitter.com/VT2jlWmTqC
— MBR Space Centre (@MBRSpaceCentre) September 4, 2023
അല്‍ നയാദിക്കൊപ്പം നാസയുടെ സ്റ്റീഫന്‍ ബോവന്, വാറന്‍ ഹോബര്‍ഗ്, റഷ്യയുടെ ആന്‍ഡ്രേ ഫെദ്യാവ് എന്നിവരാണുളളത്. ബഹിരാകാശനിലയത്തില്‍ നിന്ന് തിരിച്ചെത്തിയാലും ഭൂമിയുടെ ഗുരുത്വകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ ആഴ്ചകള്‍ എടുക്കുമെന്നതിനാല്‍ അതുവരെ നാസയില്‍ നിരീക്ഷണത്തിലായിരിക്കും യാത്രികര്‍.
തിരിച്ചെത്തിയതോടെ ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച അറബ് വംശജന് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അല്‍ നയാദി. അറബ് ലോകത്ത് നിന്ന് ആദ്യമായി സ്പെയ്സ് വാക്ക് നടത്തിയെന്ന ചരിത്രവും നയാദിക്ക് സ്വന്തമാണ്.