വീൽചെയറോടിച്ച് ലോക റെക്കോഡിലേക്ക് കയറി ആലപ്പുഴ മാവേലിക്കര സ്വദേശി സുജിത് കോശി വർഗീസ്. ദുബായ് പൊലീസിന്റെ അകമ്പടിയോടെയാണ് സുജിത്തിന്റെ ഈ നേട്ടം. ജി.പി.എസിലൂടെ ലോകത്തിലെ ഏറ്റവും വലിയ വീൽചെയർ ഒരുക്കിയാണ് സുജിത് വ്യക്തിഗത വിഭാഗത്തിൽ ഗിന്നസ് റെക്കോഡ് നേടിയത്. ബുർജ് ഖലീഫയിൽ നിന്ന് തുടങ്ങി ബുർജ് ഖലീഫയിൽ തന്നെ അവസാനിച്ച യാത്ര പൂർണമായപ്പോൾ ജി.പി.എസിൽ വീൽചെയറിന്റെ ലോഗോയായി രൂപപ്പെടുകയായിരുന്നു.
സഞ്ചരിച്ച വഴി ട്രാക്കർ ഉപയോഗിച്ച് ഗൂഗിൾ എർത്തിൽ ചേർത്ത് ചിത്രമുണ്ടാക്കുന്ന രീതിയാണിത്. 1.25 മണിക്കൂർ നീണ്ട ഈ യാത്രയിൽ അകമ്പടിയായി ദുബായ് പൊലീസിന്റെ കാറും സൈക്കിളും ബൈക്കും ആംബുലൻസും ഡ്രോണുമെല്ലാമുണ്ടായിരുന്നു. ദുബായ് പൊലീസ് മേധാവി ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മറിയുടെ നിർദേശപ്രകാരം റെക്കോഡ് ഉദ്യമത്തിന് ദുബായ് പൊലീസ് സുജിതിന് സർവ പിന്തുണയും നൽകി. ദുബായ് പൊലീസ് ഇന്നവേഷൻ കൗൺസിൽ വൈസ് പ്രസിഡന്റ് മേജർ ഖാലിദ് ഖലീഫ അൽ മസ്റൂഇ അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സുജിത് ഗിന്നസ് റെക്കോഡ് ഏറ്റുവാങ്ങിയത്.
ബുർജ് ഖലീഫയുടെ താഴെനിന്നാണ് 8.7 കിലോമീറ്റർ നീണ്ട യാത്ര തുടങ്ങിയത്. ഫിനാൻഷ്യൽ സെന്റർ, സബീൽ പാലസ്, ഡൗൺ ടൗൺ തുടങ്ങിയ സ്ഥലങ്ങളിലൂടെയായിരുന്നു യാത്ര. ജി.പി.എസ് ട്രാക്കർ സെറ്റ് ചെയ്ത് ഗൂഗിൾ എർത്തുമായി ചേർക്കുകയും ചെയ്തു. കൃത്യമായ പദ്ധതിയോടെ ആസൂത്രണം ചെയ്ത യാത്രയുടെ റൂട്ടാണ് ഗൂഗിൾ എർത്തിൽ വീൽചെയറിന്റെ രൂപത്തിലായത്. 2013ൽ ബംഗളൂരുവിലുണ്ടായ അപകടത്തിലായിരുന്നു സുജിത്തിന് അരയ്ക്ക് താഴെ ചലനശേഷി നഷ്ടമായത്. എന്നാൽ വെല്ലുവിളികളെ മറികടന്ന് സുജിത് ഫിറ്റ്നസ് ട്രെയ്നറും മോട്ടിവേഷണൽ സ്പീക്കറുമായി ജീവിതം തിരിച്ചുപിടിക്കിക്കുകയായിരുന്നു.