തിരുവനന്തപുരം: കേരളത്തിലെ ഭാവിതലമുറ ഇവിടെ നിൽക്കാനാഗ്രഹിക്കുന്നില്ലെന്നും ഇവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയാണ് അവർക്കുള്ളതെന്നും മാത്യു കുഴൽനാടൻ. കേരളത്തിലെ വിദ്യാർഥികളുടെ വിദേശകുടിയേറ്റം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നിയമസഭയിൽ നോട്ടീസ് നൽകി സംസാരിക്കുകയായിരുന്നു മാത്യു കുഴൽനാടൻ.എന്നാൽ കാര്യങ്ങൾ അങ്ങനയല്ലെന്ന് വ്യക്തമാക്കിയ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു കേരളം മഹാമോശമാണ് എന്ന പ്രചാരണം എംഎൽഎ നടത്താൻ പാടില്ലായിരുന്നുവെന്നും പറഞ്ഞു.
വിദേശത്തേക്ക് എത്തിപ്പെടുന്ന എല്ലാവർക്കും മികച്ച ജോലി കിട്ടുന്നില്ലെന്നും ഈ യാഥാർഥ്യം വിദ്യാർഥികളെ പറഞ്ഞ് മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. കേരളമെന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിലെന്ന് പാടിയിട്ടുള്ള പൂർവ്വികരാണ് നമുക്കുള്ളതെന്നും മന്ത്രി ഓർമ്മപ്പെടുത്തി.’കേരളത്തിലെ ഭാവിതലമുറ ഇവിടെ നിൽക്കാനാഗ്രഹിക്കുന്നില്ല. ഇവിടെനിന്ന് എങ്ങനെയെങ്കിലും കടന്നുപോയാൽ രക്ഷപ്പെടുമെന്ന് ചിന്തിക്കുന്നവരാണ് 18 വയസ്സുമുതലുള്ള ഇപ്പോഴത്തെ തലമുറ.
ഇത് ഭയനാകരമായ അവസ്ഥയാണ്. അത് ചർച്ചചെയ്യാതിരുന്നിട്ടോ അംഗീകരിക്കാതിരുന്നിട്ടോ കാര്യമില്ല. ഇന്നത്തെ തലമുറ ജീവിക്കാനാഗ്രഹിക്കുന്ന ഒരു അന്തരീക്ഷം നൽകാൻ നമുക്ക് കഴിഞ്ഞിട്ടില്ല. 6000 രൂപ മുതൽ 10,000 രൂപവരെ ശമ്പളത്തിലാണ് കേരളത്തിലെ ചെറുപ്പക്കാർ ജോലിചെയ്യുന്നത്. ശരാരശി ഒരു വർഷം ഓരോ നഗരത്തിലും ചെറുപ്പക്കാർക്ക് കിട്ടുന്ന ശമ്പള സ്കെയിൽ പരിശോധിക്കുമ്പോൾ, ബെംഗളൂരുവിൽ 9.57 ലക്ഷം രൂപ, ഹൈദരാബാദിൽ 7.23 ലക്ഷം രൂപ, പുണെയിൽ 7.19 ലക്ഷംരൂപ, മുംബൈയിൽ 6.4 ലക്ഷം രൂപ, ചെന്നൈയിൽ 6.18 ലക്ഷം രൂപ, ഡൽഹിയിൽ 6.11 ലക്ഷം രൂപ, തിരുവനന്തപുരത്ത് 5.72 ലക്ഷം രൂപ, കൊച്ചിയിൽ 5.05 ലക്ഷം രൂപ എന്നിങ്ങനെയാണ്’, മാത്യു കുഴൽനാടൻ പറഞ്ഞു.