അസമില്‍ പത്താൻ സിനിമ റിലീസ് ചെയ്യാനിരിക്കുന്ന തിയറ്ററില്‍ പ്രതിഷേധമുണ്ടായതോടെ പുലര്‍ച്ചെ 2 മണിക്ക് ഷാരൂഖ് ഖാന് ഫോണില്‍ വിളിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സംസ്ഥാനത്ത് ക്രമസമാധാന പാലനം സര്‍ക്കാർ ചുമതലയാണെന്നും സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ഷാരൂഖിന് ഉറപ്പു നല്‍കിയതായി ശര്‍മ ട്വീറ്റ് ചെയ്തു.
പത്താനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘‘ആരാണ് ഷാരൂഖ് ഖാന്, എനിക്ക് അദ്ദേഹത്തെക്കുറിച്ചോ പത്താൻ സിനിമയെക്കുറിച്ചോ ഒന്നും അറിയില്ല’’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബോളിവുഡ് സൂപ്പര്‍താരം ആണെന്ന് പറഞ്ഞപ്പോള്‍ ജനങ്ങള്‍ ബോളിവുഡ് സിനിമയെക്കുറിച്ചല്ല മറിച്ച് അസമീസ് സിനിമയെക്കുറിച്ച് ചിന്തിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഗുവാഹത്തിയില്‍ പത്താൻ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന തിയറ്ററില്‍ ചിത്രത്തിൻ്റെ പോസ്റ്ററുകള്‍ ചിലര്‍ നശിപ്പിച്ചതിൽ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഷാരൂഖ് തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പരാതി നൽകിയാല് പരിശോധിക്കാമെന്നും ശര്‍മ പറഞ്ഞു. ഇതോടെ ഷാരൂഖ് ഖാന് മുഖ്യമന്ത്രിയെ പുലര്‍ച്ചെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ജനുവരി 25നാണ് പത്താൻ്റെ റിലീസ്. ചിത്രത്തിൽ നടി ദീപിക പദുക്കോണ്‍ കാവി നിറമുള്ള ബിക്കിനി ധരിച്ചതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സിനിമ നിരോധിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.