ഡോ. ഷഹനയുടെ ആത്മഹത്യയില്‍ മതനേതൃത്വത്തിനെതിരെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സ്ത്രീധനത്തിന്റെ പേരില്‍ ഷഹന ആത്മഹത്യ ചെയ്തപ്പോള്‍ കേരളത്തിലെ മതനേതൃത്വം കുറ്റകരമായ മൗനം പാലിച്ചെന്ന് സ്പീക്കര്‍ പറഞ്ഞു.
ചിലകാര്യങ്ങളില്‍ ആവേശപൂര്‍വ്വം അഭിപ്രായം പറഞ്ഞ മതനേതൃത്വം ഷഹന ജീവിതം അവസാനിപ്പിച്ചപ്പോള്‍ മൗനം പാലിച്ചത് എന്തുകൊണ്ടെന്ന് ചര്‍ച്ച ചെയ്യണം. ഇതുപറഞ്ഞതിന് എന്റെ പുറത്തുകയറേണ്ട. ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിന് വേട്ടയാടപ്പെട്ടിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
ലോക ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി ന്യൂനപക്ഷ കമ്മീഷന് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
ഇസ്ലാമിന് സ്ത്രീധനം നിഷിദ്ധമാണ്. ഇസ്ലാമില്‍ മഹര്‍ പെണ്‍കുട്ടിക്കാണ് കൊടുക്കേണ്ടത്. എന്നാല്‍ പുരുഷന് 150 പവനും 15 ലക്ഷം രൂപയും ബെന്‍സ് കാറും നല്‍കും. ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ അഭിപ്രായമുണ്ടാകണമെന്നും സ്ത്രീധനം ചോദിക്കുന്നവരോട് പറ്റില്ലെന്ന് തന്നെ പറയണമെന്നും ന്യൂനപക്ഷവിഭാഗത്തില്‍ സ്ത്രീധനത്തിനെതിരായ പ്രചാരണം ഉയര്‍ന്നുവരാം എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വംശീയ ജനാധിപത്യം കൊണ്ടുവരാന്‍ തീവ്രമായ ശ്രമം നടക്കുന്നുണ്ടെന്നും അതിനെ ചെറുക്കണമെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.