കാലിൽ ഷൂ മാത്രം ധരിച്ച് ശരീരത്തില്‍ നൂല്‍ബന്ധമില്ലാതെയാണ് സ്പാനിഷ് ഹൈക്കോടതിയിലേക്ക് സുമുഖനായ ഒരു ചെറുപ്പക്കാരൻ കടന്നുവന്നത്. എന്നാൽ ഇത് കോടതിയാണ് തുണിയുടുത്ത് വാ എന്ന് പറയുന്നവരോട് യുവാവ് പറയുന്നത് നഗ്നനതയെക്കുറിച്ചാണ് കോടതിയില്‍ പറയാനുള്ളതെന്നാണ്. ഒടുവില്‍ അല്പം വസ്ത്രമെടുത്ത് ഉടുപ്പിച്ച് നീതിപീഠത്തിന് മുന്നിലെത്തിച്ച യുവാവ് പറഞ്ഞത്, നഗ്നത ആരേയും പ്രദര്‍ശിപ്പിക്കാനല്ല, പക്ഷേ നഗ്നനായി നടക്കാനുള്ള അനുമതി നൽകണമെന്നാണ്.
അലെന്‍ജാന്‍ഡ്രോ കൊളോമര്‍ എന്ന 29 വയസുകാരനാണ് നഗ്നനായി നടക്കാനുള്ള അവകാശത്തിനായി സ്പാനിഷ് ഹൈക്കോടതിയെ സമീപിച്ചത്. തെരുവിലൂടെ നഗ്നനായി നടന്നതിന് കീഴ്ക്കോടതി അലെന്ജാന്ഡ്രോയ്ക്ക് പിഴ ചുമത്തിയിരുന്നു. ഇത് ചോദ്യം ചെയ്യാനാണ് അദ്ദേഹം കോടതിയിലെത്തിയത്. അതേസമയം അലെന്‍ജാന്‍ഡ്രോ കൊളോമറിന്റെ വാദങ്ങള്‍ എല്ലാം തികച്ചും ന്യായമാണെന്നും പിഴയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയെന്നും കോടതി വിധി പറഞ്ഞു.
ആരെങ്കിലും ശ്രദ്ധിക്കണമെന്നോ ആരുടെയെങ്കിലും മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കണമെന്നോ ഉദ്ദേശിക്കുന്നില്ല. ചുറ്റുമുള്ളവരെ ഗൗനിക്കാതെ സ്വന്തം കാര്യം നോക്കി തുണിയുടുക്കാതെ നടന്നുപോകുന്നതിന് എന്തിനാണ് പിഴ ചുമത്തിയതെന്ന് അലെന്‍ജാന്‍ഡ്രോ കോടതിയോട് ചോദിച്ചു. വസ്ത്രം ഉപേക്ഷിക്കാന്‍ ചൂട് മുതല്‍ കംഫര്‍ട്ട് വരെയുള്ള നിരവധി കാരണങ്ങളുണ്ടെന്നും യുവാവ് കൂട്ടിച്ചേർത്തു.
സ്പെയിനില്‍ 1988 മുതലാണ് പൊതുസ്ഥലങ്ങളിലൂടെ നഗ്നരായി നടക്കുന്ന നിയമം നിലവിൽ വന്നത്. 2020 മുതൽ അലെന്‍ജാന്‍ഡ്രോ നഗ്നനായി പുറത്തിറങ്ങി നടക്കാന്‍ തുടങ്ങിയിരുന്നു. എന്നാൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വരെ പലരും ഈ യുവാവിനെ തുണിയുടുപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തി. പക്ഷെ, ഇപ്പോൾ ആളുകള്‍ ഇതിനെ നോര്‍മലായി കരുതുകയാണെന്നും നിരവധി പേര് പിന്തുണയുമായി മുന്നോട്ട് വന്നുവെന്നും അലെന്‍ജാന്‍ഡ്രോ പറഞ്ഞു.