പ്രബുദ്ധത അവകാശപ്പെടുന്ന മലയാളികൾക്ക് തെറ്റി. നേട്ടങ്ങളുടെ കണക്കുകളിൽ മുന്നിൽ നിൽക്കുന്ന കേരളം ഇപ്പോഴും കാളവണ്ടിയിൽ തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് മന്തവാദവും നരബലിയുമെല്ലാം. അഭവൃദ്ധി ലഭിക്കാൻ നൂറ്റാണ്ടുകൾക്ക് മുമ്പ് അപരിഷ്കൃത ജനത പിന്തുടർന്ന ദുരാചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുവെന്നത് അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്ന സംഭവമാണ്. പത്തനംതിട്ടയിലെ ഇലന്തൂരിൽ നരബലി നടത്തി നരഭോജനം ചെയ്ത സംഭവം ഞെട്ടലോടെയാണ് കഴിഞ്ഞ ദിവസം കേരളം കണ്ടത്.
കേരളത്തിൽ പിടിക്കപ്പെട്ട ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇലന്തൂരിലേത്. എന്നാൽ കഴിഞ്ഞ നാൽപ്പത് വർഷഷത്തിനിടയിൽ പത്തോളം കേസുകൾ ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയെല്ലാം ജീവൻ അപഹരിച്ചതിന് കാരണമായ കേസുകളാണ്. എന്നാൽ മന്ത്രവാദത്തിന്റെ പേരിൽ നിരവധി തട്ടിപ്പു കേസുകൾ വേറെയും രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. അതേസമയം പിടിക്കപ്പെടാത്ത കേസുകൾ അതിലും ഇരട്ടിയായിരിക്കുമെന്നതും ആശങ്കയുളവാക്കുന്ന കാര്യമാണ്.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയാൽ ഒരു വർഷം മുതൽ ഏഴുവർഷംവരെ തടവും 5,000 മുതൽ 50,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമായാണ് കരട് ബില്ലിൽ വ്യവസ്ഥ ചെയ്തത്. എന്നാൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ നിയമപരിഷ്കാര കമ്മിഷൻ തയാറാക്കിയ കരട് ബിൽ ഒരു വര്ഷമായിട്ടും സർക്കാർ നിയമമാക്കിയില്ല. മന്ത്രവാദ ചികിത്സകരും വ്യാജ സിദ്ധൻന്മാരും വിലസുന്ന കേരളത്തിൽ അന്ധവിശ്വാസ നിരോധന നിയമം പ്രാബല്യത്തിൽ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഇലന്തൂരിലെ സംഭവം.
കേരളത്തിലെ നരബലി കേസുകൾ:
1981 ഡിസംബർ-പനംകുട്ടി നരബലി
ഇടുക്കി പനംകുട്ടിയിൽ ദുരൂഹമായൊരു നരബലി നടന്നു. ഭർത്താവും ബന്ധുക്കളും ചേർന്നു സോഫിയ എന്ന സ്ത്രീയെ കൊന്നു കുഴിച്ചുമൂടി. തമിഴ്നാട് സ്വദേശിയായ മന്ത്രിവാദിയുടെ നിർദേശം അനുസരിച്ചാണെന്ന് പൊലീസ് കണ്ടെത്തി. അടുക്കള തറ പൊളിച്ച് കുഴിച്ചിട്ട് മുകളിൽ ചാണകം മെഴുകുകയായിരുന്നു.
1983 ജൂലൈ-മുണ്ടിയെരുമ നരബലി
നിധി സ്വന്തമാക്കാൻ ഒൻപതാം ക്ലാസുകാരനെ പിതാവും സഹോദരിയും അയൽവാസികളും ചേർന്ന് ബലി നൽകി. മുണ്ടിയെരുമയിലാണ് സംഭവം. കണ്ണും മൂക്കും കുത്തിക്കീറിയ നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെടുത്തത്.
1995 ജൂൺ-രാമക്കൽമേട് നരബലി
പിതാവും രണ്ടാനമ്മയും ചേർന്ന് സ്കൂൾ വിദ്യാർത്ഥിയെ മന്ത്രവാദികൾക്ക് നൽകിയെന്നായിരുന്നു കേസ്. തമിഴ്നാട്ടിലെ ഉമ്മമപാളയത്ത് നിന്ന് വന്ന ആറു മന്ത്രവാദികളെ പൊലീസ് പിടികൂടി. കുട്ടിയ്ക്ക് ജീവനുണ്ടെങ്കിലും ശരീരമാസകലം ചൂരലുകൊണ്ടും കല്ലുകൊണ്ടും മർദനമേറ്റിരുന്നു.
2012 ഒക്ടോബർ-പൂവാർ കൊലപാതകം
തിരുവനന്തപുരം പൂവാറിന് സമീപം രണ്ടു പേർ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അന്വേഷണത്തിൽ മന്ത്രവാദം ചോദ്യം ചെയ്തതിന് ആണ് കൊന്നതെന്ന് തെളിഞ്ഞു. ക്രിസ്തുദാസ്, ആൻറണി എന്നിവരെയാണ് കൊലപ്പെടുത്തിയത്. ക്രിസ്തുദാസിൻറെ ബന്ധുവായ സ്ത്രീയുടെ ആത്മഹത്യ ദുർമന്ത്രവാദത്തിൽ സഹികെട്ടാണെന്ന് കണ്ടെത്തിയപ്പോൾ ചോദ്യം ചെയ്യാൻ എത്തിയതാണ് ഇരുവരും. മന്ത്രവാദം നടത്തിയിരുന്ന മേരി എന്ന സ്ത്രീ ഉൾപ്പടെയുള്ള പ്രതികൾക്ക് ജീവപര്യന്തം തടവ് ലഭിച്ചു.
2014 ജൂലൈ-കരുനാഗപ്പള്ളി കൊലപാതകം
കരുനാഗപ്പള്ളിയിൽ തഴവ സ്വദേശി ഹസീന എന്ന സ്ത്രീ കൊല്ലപ്പെട്ടത് മന്ത്രവാദത്തിനിടെ ചവിട്ടേറ്റാണ് എന്നായിരുന്നു കണ്ടെത്തൽ. മന്ത്രവാദി സിറാജുദ്ദീനെ അറസ്റ്റ് ചെയ്തു.
2014 ഓഗസ്റ്റ് -പൊന്നാനി കൊലപാതകം
പൊന്നാനിയിൽ കാഞ്ഞിരമുക്ക് സ്വദേശി നിസാറിൻ്റെ ഭാര്യ ഹർസാന മരിച്ചത് മന്ത്രവാദത്തിനിടെ എന്ന് പുറത്തുവന്നു. അഞ്ചുമാസം ഗർഭിണി ആയിരുന്നു മരിച്ച ഹർസാന.
2018 ഓഗസ്റ്റ് -വണ്ണപ്പുറം കൂട്ടക്കൊലപാതകം
തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്ത് കാനാട്ടുവീട്ടിൽ കൃഷ്ണനേയും ഭാര്യ സൂശീലയേയും മക്കളേയും കൊന്നു കുഴിച്ചു മൂടിയതായി കണ്ടെത്തി. ദുർമന്ത്രവാദം നടത്തിയിരുന്ന കൃഷ്ണൻ്റെ കൊലയിൽ പിടിയിലായത് കൃഷ്ണന്റെ സഹായി ആയിരുന്ന അനീഷ്. കൃഷ്ണന് 300 മൂർത്തികളുടെ ശക്തി ഉണ്ടെന്നും അത് അപഹരിക്കണം എന്ന ഉദ്ദേശത്തോടെ അനീഷ് കൊല നടത്തിയെന്നുമാണ് പൊലീസ് കണ്ടെത്തിയത്.
2019 മാർച്ച്-കരുനാഗപ്പള്ളി മരണം
കൊല്ലം കരുനാഗപ്പള്ളിയിൽ തുഷാരയെന്ന യുവതിയുടെ മരണം. ഭർത്താവും ഭർതൃമാതാവും പീഡിപ്പിച്ചു കൊലപ്പെടുത്തി എന്നായിരുന്നു കേസ്. മന്ത്രവാദി പറഞ്ഞത് അനുസരിച്ച് പഞ്ചസാര വെള്ളവും കുതിർത്ത അരിയും മാത്രമാണ് തുഷാരയ്ക്ക് കഴിക്കാൻ നൽകിയിരുന്നത്. വിവാഹം കഴിക്കുമ്പോൾ പൂർണ ആരോഗ്യവതിയായിരുന്ന തുഷാരയ്ക്ക് മരിക്കുമ്പോൾ വെറും 20 കിലോ ആയിരുന്നു ശരീരഭാരം. ബാധ ഒഴിപ്പിക്കാൻ നടത്തിയ ദുർമന്ത്രവാദ ചികിൽസയുടെ ഭാഗമായി നൽകിയ പഞ്ചസാര വെള്ളമാണ് തുഷാരയുടെ ജീവൻ കവർന്നത്.
2021 ഫെബ്രുവരി -പുതുപ്പള്ളി കൊലപാതകം
പാലക്കാട് പുതുപ്പള്ളി തെരുവിൽ 6 വയസുള്ള മകനെ മാതാവ് കൊന്നു. അല്ലാഹുവിൻ്റെ പ്രീതിക്കായി ബലി കഴിച്ചു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മുൻ മദ്രസ അധ്യാപിക കൂടിയായിരുന്ന മാതാവ് ഷാഹിദ കഴുത്തറുത്താണ് മകനെ കൊലപ്പെടുത്തിയത്.
2022- ഇലന്തൂർ നരബലി
പത്തനംതിട്ട ഇലന്തൂരിൽ ഒക്ടോബർ 10നായിരുന്നു നരബലി. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ട് റോസ്ലി, പദ്മ എന്നീ സ്ത്രീകളെ ദമ്പതികൾ കൊന്ന് കുഴിച്ചുമൂടി. കൊലചെയ്ത ശേഷം മാംസവും പാകം ചെയ്ത് ഭക്ഷിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും ഒടുവിലത്തെ ഇലന്തൂർ സംഭവം ഞെട്ടലുളവാക്കുന്നതും അവിശ്വസനീയവുമായ സംഭവമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേരളം എവിടേക്കാണു പോകുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ആളുകൾ ഇക്കാലത്ത് വിചിത്രമായാണു പെരുമാറുന്നതെന്നും കോടതി പറഞ്ഞു. നാല് പതിറ്റാണ്ടായുള്ള മന്ത്രവാദത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ 2022ൽ എത്തിനിൽക്കുമ്പോൾ പ്രതികൾ നരഭോജികളായി തീർന്നു എന്നതാണ് ഏറെ ശദ്ധേയവും ഞെട്ടിക്കുന്നതുമായ കാര്യം.