മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടന് സുരേഷ് ഗോപി കോഴിക്കോട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനിക്കെ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. ഒരേ നീതി പുലര്‍ത്താന്‍ പൊലീസ് തയ്യാറാകണം, അല്ലെങ്കില്‍ പൊതുജനങ്ങള്‍ നിയമത്തെ വെല്ലുവിളിക്കും. ഒരു ബുക്കില്‍ കോഴിക്കോട്ടെ കണക്കുകള്‍ എഴുതിവയ്ക്കുന്നുണ്ടെന്നുമാണ് ശോഭ സുരേന്ദ്രന് പറഞ്ഞത്.
സുരേഷ് ഗോപിയെ മൂക്കില്‍ കയറ്റാനും വലിയ താമ്ര പത്രം ഒരുക്കി കൊടുക്കാനും കോഴിക്കോട് പൊലീസ് അധികാരികള്‍ മുന്നോട്ടു വരുകയാണ്. ഒരേ നീതി പുലര്‍ത്താന്‍ പോലീസ് തയ്യാറാകണം. ഇല്ലെങ്കില്‍ പൊതുജനങ്ങള്‍ നിയമത്തെ വെല്ലുവിളിക്കും. ഒരു ബുക്കില്‍ കോഴിക്കോട്ടെ കണക്കുകള്‍ എഴുതിവയ്ക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടി സുരേഷ് ഗോപിക്കെതിരായി പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് പ്രമോഷന് കിട്ടുമായിരിക്കും. പക്ഷേ ജനങ്ങള്‍ നേരിടും എന്നാണ് ശോഭ സുരേന്ദ്രന് പറഞ്ഞത്.
നാളെയാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുക. ഈ മാസം 18ന് മുമ്പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സുരേഷ് ഗോപിക്ക് നടക്കാവ് പൊലീസ് നോട്ടീസ് അയച്ചത്. തുടര്‍ന്ന് 15ന് ഹാജരാകുമെന്ന് അറിയിക്കുകയായിരുന്നു.
ആഴ്ചകള്‍ക്ക് മുമ്പ് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിന്റെ മുന്നില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടയിലാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈ വെച്ചത്. മാധ്യമപ്രവര്‍ത്തക ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടും വീണ്ടും കൈവെക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് ഇത് ഏറെ വേദനിപ്പിക്കുന്ന സംഭവമാണെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞിരുന്നു. ശേഷം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഐപിസി 354 എ ഉള്‍പ്പെടെയുള്ള വകുപ്പ് പ്രകാരമാണ് കേസെടുത്തത്.