ദുബൈ: ആത്മീയ മൂല്യങ്ങളും സ്വഭാവ വിശുദ്ധിയും അച്ചടക്ക ബോധവും ഉയർത്തിപ്പിടിക്കുന്ന തലമുറയുടെ സൃഷ്ടിപ്പാണ് എസ്.എൻ. ഇ.സി വിദ്യാഭ്യാസ സംവിധാനത്തിലൂടെ സമസ്ത ലക്ഷ്യം വെക്കുന്നതെന്നും തുടക്കം കുറിച്ച് രണ്ടു വർഷം കൊണ്ടുതന്നെ വൈജ്ഞാനിക സാംസ്കാരിക മുന്നേറ്റങ്ങൾക്ക് കരുത്തു പകരുന്ന ഈ മഹത്തായ പദ്ധതിയെ സമൂഹം നെഞ്ചേറ്റിക്കഴിഞ്ഞെന്നും എല്ലാവരും പ്രചരിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു.എസ്.എൻ. ഇ.സി സ്ഥാപക ദിനാചരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബൈ സുന്നി സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ യു.എ.ഇ സുന്നി കൗൺസിൽ പ്രസിഡണ്ട് സയ്യിദ് പൂക്കോയ തങ്ങൾ അദ്ധ്യക്ഷനായി. സമസ്തയുടെ വിദ്യാഭ്യാസ മുന്നേറ്റ പ്രവർത്തനങ്ങൾ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തിൽ 2023 മാർച്ച് 16 ന് നിലവിൽ വന്ന സമസ്ത നാഷണൽ എജ്യുക്കേഷൻ കൗൺസിൽ നിലവിൽ 12 സ്ട്രീമുകളിലായി 52 സ്ഥാപനങ്ങളും നാലായിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന വിപുലമായ സംവിധാനമായി മാറിയ എസ്.എൻ. ഇ.സി ചരിത്രവും വർത്തമാന മുന്നേറ്റ വഴികളും പുതിയ പ്രൊജക്ടുകളും അക്കാഡമിക് കൗൺസിൽ ചെയർമാൻ അബ്ദുസ്സലാം ബാഖവി പരിചയപ്പെടുത്തി.
ആഴത്തിലുള്ള മതപഠനം, സെക്കൻഡറി, ഹയർ സെക്കൻഡറി, യു.ജി, പി.ജി പഠനം, വിവിധ കോ കരിക്കുലർ പ്രവർത്തനങ്ങൾ തുടങ്ങിയവ ക്രിയാത്മകമായി എസ്.എൻ.ഇ.സിക്ക് കീഴിൽ നടന്നു വരുന്നു. കേന്ദ്ര മുശാവറ അംഗം അബ്ദുൽ ഖാദിർ മുസ്ലിയാർ പൈങ്കണ്ണിയൂർ പ്രാർത്ഥന നടത്തി. എസ്.എൻ. ഇ.സി യു. എ. ഇ തല കോർഡിനേഷൻ കമ്മിറ്റിയുടെ പ്രഖ്യാപനം ചടങ്ങിൽ വെച്ച് നടന്നു.
സമസ്ത വൈസ് പ്രസിഡണ്ട് യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ, സെക്രട്ടറി ഉമർ ഫൈസി മുക്കം,സയ്യിദ് ശുഐബ് തങ്ങൾ,കെ.എം കുട്ടി ഫൈസി അച്ചൂർ, ഹമീദ് ഫൈസി അമ്പലക്കടവ്, മൊയ്തീൻ ഫൈസി പുത്തനഴി, മുസ്തഫ അഷ്റഫി കക്കുപ്പടി, ജലീൽ ഹാജി ഒറ്റപ്പാലം, ഷൗക്കത്തലി മൗലവി ദൈദ്, കബീർ ഹുദവി, റസാഖ് വളാഞ്ചേരി, ഷൗക്കത്തലി ഹുദവി, ഹുസൈൻ ദാരിമി ,ഷറഫുദ്ദീൻ ഹുദവി, സുലൈമാൻ ഹാജി, ഇസ്മാഈൽ ഹാജി,എടച്ചേരി അഷ്റഫ് ദേശമംഗലം ഇസ്മായിൽ എമിരേറ്റ്സ് സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കൾ, യു.എ.ഇ സുന്നി കൗൺസിൽ, എസ്.കെ.എസ്.എഫ് നേതാക്കൾ, വിവിധ സെന്റർ പ്രതിനിധികൾ, പ്രവർത്തകർ സംബന്ധിച്ചു. സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ സ്വാഗതവും സയ്യിദ് സക്കീർ ഹുസൈൻ തങ്ങൾ നന്ദിയും പറഞ്ഞു.