ഉത്തർ പ്രദേശിൽ രണ്ടുവർഷമായി ജയിലിലായിരുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇന്ന് ജയിൽ മോചിതനായി. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ച് ഒരു മാസത്തിന് ശേഷമാണ് കാപ്പന് ജാമ്യം ലഭിച്ചത്. 27 മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനാകുന്നത് . പൊതുസമൂഹത്തോടും മാധ്യമങ്ങളോടും നന്ദിയെന്ന് അദ്ദേഹം പ്രതികരിച്ചു.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന് കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്ന്ന് യു എ പി എ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയും ചെയ്തു.
യുപി പൊലീസിൻ്റെ കേസിൽ വെരിഫെക്കേഷൻ നടപടികൾ മുൻപുതന്നെ പൂർത്തിയായിരുന്നു. അവസാന ഘട്ട നടപടികൾ പൂർത്തിയായതോടെ കോടതി റിലീസിങ് ഓർഡർ ലഖ്നൗ ജയിലിലേക്ക് അയക്കുകയായിരുന്നു. 2022 സെപ്റ്റംബറിലാണ് യുഎപിഎ കേസിൽ സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം നൽകിയത്.