ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകം ഹണി ട്രാപ്പിനിടെയെന്ന് മലപ്പുറം എസ്പി സുജിത് ദാസ്. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹണി ട്രാപ്പിനിടെ എന്തെങ്കിലും സംഭവിച്ചാല്‍ നേരിടാന്‍ തയ്യാറായി തന്നെയാണ് മൂന്ന് പ്രതികളും ഹോട്ടലില്‍ ഉണ്ടായിരുന്നത്. ഹോട്ടലില്‍ വെച്ച് പ്രതികള്‍ സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു. ആഷിക്ക് എന്നയാള്‍ നെഞ്ചത്ത് ചവിട്ടിയെന്നും അതില്‍ വാരിയെല്ലുകള്‍ തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. തുടരെയുള്ള ആക്രമണമാണ് സിദ്ദീഖ് പെട്ടെന്ന് മരിക്കുന്നതിന് കാരണമായതെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
എസ്.പി സുജിത് ദാസിന്റെ വാക്കുകള്‍
ഷിബിലിയെയും ഫര്‍ഹാനയെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പ്രതീക്ഷിച്ചപോലെ ഇതൊരു ഹണിട്രാപ്പ് ആണ്. ഷിബിലി ഇദ്ദേഹത്തിന്റെ ജോലിക്കാരനായിരുന്നു. ഹണി ട്രാപ്പാണെന്ന് മൂന്ന് പ്രതികള്‍ക്കും അറിയാം, അറിഞ്ഞുകൊണ്ട് തന്നെയാണ് ഡി കാസ എന്ന ഹോട്ടലില്‍ റൂം എടുത്തത്.
ഹോട്ടലില്‍ വെച്ച് പ്രതികള്‍ സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. പണത്തിന്റെ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് അവിടെ ഒരു പ്രശ്നം ഉണ്ടാവുന്നു. സിദ്ദീഖ് താഴെ വീണു. ഫര്‍ഹാനയുടെ കയ്യില്‍ അപ്പോള്‍ ചുറ്റിക ഉണ്ടായിരുന്നു. ഷിബിലി തലയ്ക്ക് ചുറ്റിക കൊണ്ട് തലക്കടിച്ചു. ആഷിക്ക് എന്നയാള്‍ നെഞ്ചത്ത് ചവിട്ടി. ആ ചവിട്ടിലാണ് വാരിയെല്ലുകള്‍ മുറിയുന്നത്. അതിന് പിന്നാലെ മൂന്ന് പേരും ഇയാളെ ആക്രമിക്കുന്നുണ്ട്. തുടരെയുള്ള ആക്രമണമാണ് സിദ്ദീഖ് പെട്ടെന്ന് മരിക്കുന്നതിന് കാരണമായത്.
ഹണിട്രാപ്പ് ചെയ്യുമ്പോള്‍ തിരിച്ച് ആക്രമണം ഉണ്ടായാല്‍ നേരിടാന്‍ ഉള്ള ആസൂത്രണത്തോടെയാണ് ഇരുവരും വന്നത്. മരണ ശേഷം മാനാഞ്ചിറയ്ക്ക് സമീപത്ത് നിന്ന് ഒരു ട്രോളി ബാഗ് വാങ്ങിക്കുന്നു. ഒന്നില്‍ ബോഡി കൊള്ളുന്നില്ലെന്ന് മനസിലാക്കിയപ്പോള്‍ അടുത്ത ദിവസം ഒരു കട്ടറും ട്രോളി ബാഗും വാങ്ങിക്കുന്നു. റൂം നമ്പര്‍ ജി 04ലെ ബാത്ത്റൂമില്‍ നിന്ന് ശരീരം കട്ട് ചെയ്തിട്ട് ട്രോളിയില്‍ ആക്കുകയായിരുന്നു.
ആ ട്രോളികള്‍ അട്ടപ്പാടി ചുരത്തില്‍ കൊണ്ടു പോയി ഇടുകയായിരുന്നു. അതുപോലെ കട്ടറും മറ്റു ഉപകരണങ്ങളും തുടയ്ക്കാന്‍ ഉപയോഗിച്ച തുണികളും എല്ലാം മറ്റൊരിടത്ത് കൊണ്ടു പോയിട്ടു. കാര്‍ മറ്റൊരു സ്ഥലത്ത് കൊണ്ടു പോയി ഇട്ടിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് അടിയന്തരമായി തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്.
ഫര്‍ഹാനയെ സിദ്ദിഖിന് നേരത്തെ അറിയാം. ഫര്‍ഹാനയുടെ പിതാവിനെ സിദ്ദിഖിന് പരിചയമുണ്ട്. ഫര്‍ഹാന ആവശ്യപ്പെട്ടതു പ്രകാരമാണ് ഷിബിലിക്ക് ജോലി നല്‍കിയത്.