കൊച്ചി: നോട്ടീസ് നൽകി വിളിച്ചു വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് മുൻപിൽ മനസ്സ് തുറന്ന് ഷൈൻ ടോം ചാക്കോ. അഭിഭാഷകനൊപ്പം ചോദ്യം ചെയ്യല്ലിന് ഹാജരായ ഷൈൻ താൻ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും ലഹരി വിൽപ്പനക്കാരുമായി ബന്ധമുണ്ടെന്നും ലഹരിവിമുക്തി കേന്ദ്രത്തിൽ പോയിരുന്നുവെന്നും പൊലീസുകാരോട് തുറന്നു പറഞ്ഞു.
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, കേരള പൊലിസിൻ്റെ ഡാൻസാഫ് സംഘം, കൊച്ചി സൈബർ സെൽ എന്നിങ്ങനെ പൊലീസിനെ മൂന്ന് വ്യത്യസ്ത സംഘങ്ങളിലെ ഉദ്യോഗസ്ഥർ ഒന്നിച്ചിരുന്നാണ് ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്തത്. ഇതു കൂടാതെ എക്സൈസിൽ നിന്നും പല വിവരങ്ങളും പൊലീസ് സംഘം ശേഖരിച്ചിരുന്നു. പൊലീസിൻ്റെ ചോദ്യം ചെയ്യല്ലിന് ഹാജരാക്കും മുൻപ് കൊച്ചിയിലെ മൂന്ന് അഭിഭാഷകരുമായി സംസാരിച്ച ഷൈൻ അഭിഭാഷകനൊപ്പമാണ് ചോദ്യം ചെയ്യല്ലിന് ഹാജരായത്. താൻ താമസിച്ച ഹോട്ടൽ മുറിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ എത്തിയ ഗുണ്ടാസംഘമാണെന്ന് തെറ്റിദ്ധരിച്ചാണ് ഹോട്ടലിൽ നിന്നും ഓടിരക്ഷപ്പെട്ടത് എന്നാണ് ഷൈൻ ആദ്യം മൊഴി നൽകിയത്.
എന്നാൽ ഷൈനിൻ്റെ കോൾ രേഖകൾ സഹിതം സൈബർ പൊലീസ് ഉദ്യോഗസ്ഥർ ഉന്നയിച്ച പല ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഷൈനിന് സാധിച്ചില്ല. അഭിഭാഷകരെ നൽകിയ ആത്മവിശ്വാസത്തോടെ ചോദ്യം ചെയ്യല്ലിന് എത്തിയ ഷൈനിനെ വളരെ വിദഗ്ദ്ധമായി പൊലീസ് സംഘം പൊളിച്ചടുക്കിയെന്നാണ് പുറത്തു വരുന്ന വിവരം.
പൊലീസിൻ്റെ എഫ്ഐആർ പ്രകാരം ലഹരിമരുന്ന് ഉപയോഗിക്കാൻ വേണ്ടിയാണ് മലപ്പുറം സ്വദേശി മുർഷിദ് എന്നയാളെ ഷൈൻ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. ഇയാളെ പൊലീസ് വിളിച്ചു വരുത്തുകയും ചോദ്യം ചെയ്യല്ലിന് ശേഷം ഷൈനിനൊപ്പം കേസിൽ പ്രതി ചേർക്കുകയുംചെയ്തു. ഷൈൻറെ ഒപ്പമിരുത്തിയും മുർഷിദിനെ പൊലീസ് സംഘം മുർഷിദിനെ ചോദ്യം ചെയ്തു. ഇയാളെയും ഷൈനിനൊപ്പം പ്രതി ചേർത്തിട്ടുണ്ട്. സ്റ്റേഷൻ ജാമ്യത്തിൽ ഷൈനിനെ വിട്ടയച്ചെങ്കിലും ഏപ്രിൽ 22-ന് വീണ്ടും ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ഷൈനിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം തനിക്കെതിരായ നടി വിൻസിയുടെ പരാതി അടിസ്ഥാനരഹിതമാണെന്നും നടിയുടെ ഈഗോയുടെ പുറത്തുണ്ടായതാണെന്നുമാണ് ഷൈൻ പൊലീസിനോട് പറഞ്ഞത്. താൻ വിൻസിയോട് അപമര്യാദയായി പെരുമാറിയെന്ന് പറയുന്നത് തെറ്റാണ്. ഇക്കാര്യം സൂത്രവാക്യം സിനിമയുടെ സംവിധായകനോടോ നിർമാതാവിനോടോ ചോദിക്കാമെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. ചിത്രത്തിൻ്റെ ലൊക്കേഷനിൽ താൻ ലഹരി ഉപയോഗിച്ചില്ലെന്നും ഷൈൻ പറയുന്നു. ആലപ്പുഴയിൽ അറസ്റ്റിലായ ലഹരി കച്ചവടക്കാരി തസ്ലിമയുമായി ബന്ധമുണ്ടെന്ന് ഷൈൻ ചോദ്യം ചെയ്യല്ലിൽ സമ്മതിച്ചു.
മെത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കുമെന്നും ഷൈൻ തുറന്ന് പറഞ്ഞു. കഴിഞ്ഞ വർഷം പിതാവ് തന്നെ 12 ദിവസം ഡീ അഡിക്ഷൻ സെൻററിലാക്കിയിരുന്നു. കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തിൽ 12 ദിവസമാണ് കഴിഞ്ഞത്. എന്നാൽ താൻ അവിടെ നിന്ന് പാതിവഴിയിൽ ചികിത്സ നിർത്തി മടങ്ങിയെന്നും പൊലീസിനോട് പറഞ്ഞു.