കൊച്ചി: എക്സൈസിനോ പൊലീസിനോ മൊഴി നൽകില്ലെന്ന് നടി വിൻസി അലോഷ്യസ് തീരുമാനമെടുത്തതോടെ സിനിമാ സംഘടനകളുടെ നടപടിയിൽ നിന്നും ഒഴിവാകാൻ ഷൈൻ ടോം ചാക്കോ നീക്കം തുടങ്ങി. ഷൈനിനെതിരെ കർശന നടപടി വേണമെന്നാണ് താരസംഘടനയായ അമ്മയും ഫിലിം ചേംബറും നിലവിലെടുത്ത നിലപാട്.
ഷൈനിനെതിരായ ആരോപണങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ വിനു മോഹൻ, സരയൂ, അൻസിബ ഹസ്സൻ എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ അമ്മ നിയോഗിച്ചിരുന്നു. എന്നാൽ വിവാദങ്ങളെക്കുറിച്ചും വിൻസിയുടെ പരാതിയിലും ഷൈനിനെ ബന്ധപ്പെടാനോ വിശദീകരണം കേൾക്കാനോ ഇവർക്ക് സാധിച്ചിട്ടില്ല. പൊലീസ്, എക്സൈസ് അറസ്റ്റ് പ്രതീക്ഷിച്ച് ഷൈൻ കേരളം വിട്ടു എന്നാണ് വിവരം. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച വരെ ഷൈനിന് മറുപടി പറയാൻ സമയം അനുവദിക്കാനും മറുപടി കിട്ടാത്ത പക്ഷം സംഘടനയിൽ നിന്നും ഷൈനിനെ പുറത്താക്കാൻ ശുപാർശ ചെയ്യാനുമാണ് സമിതിയുടെ നീക്കം. ഷൈനിനെതിരെ കർശന നടപടി വേണമെന്നാണ് ഫിലിം ചേംബറിൻ്റേയും തീരുമാനം.
ഹോട്ടൽ മുറിയിൽ നടത്തിയ റെയ്ഡിൽ ലഹരി ഉപയോഗം കണ്ടെത്താൻ സാധിക്കാത്തതിനാൽ ഷൈനിനെതിരെ നിലവിൽ പൊലീസ് കേസെടുത്തിട്ടില്ല. പരിശോധനയ്ക്ക് എത്തിയപ്പോൾ അതിസാഹസികമായി ഹോട്ടലിൽ നിന്നും ചാടിപ്പോയത് എന്തിനെന്ന് നേരിട്ടെത്തി വ്യക്തമാക്കണമെന്ന് ഷൈനിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണവുമായി ഷൈൻ സഹകരിക്കും എന്നാണ് വിവരം.
നേരത്തെ കൊക്കെയ്ൻ കേസിൽ കോടതി ഷൈനിനെ വെറുതെ വിട്ടത് അന്വേഷണസംഘത്തിൻ്റെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച കൊണ്ടാണ് എന്ന് കോടതി വിധിയിലുണ്ട്. ഈ കേസിൽ അപ്പീൽ സാധ്യതകൾ സർക്കാർ പരിശോധിക്കുന്നുണ്ട്. ലഹരി ഉപഭോഗത്തിനെതിരെ നിസ്സാര മനോഭാവമാണ് നിയമസംവിധാനത്തിന് എന്ന പൊതുവിമർശനം ഷൈനുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൊതുസമൂഹത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. ഷൈനിനും ശ്രീനാഥ് ഭാസിക്കും ലഹരി വിറ്റെന്ന് ലഹരിക്കടത്ത് സംഘം മൊഴി നൽകിയത് രണ്ടാഴ്ച മുൻപാണ്. ഈകേസിലും ഇതുവരെയും ഇവര്ർക്കെതിരെ തുടർനടപടികളുണ്ടായിട്ടില്ല. നിലവിൽ കേസൊന്നുമില്ലെങ്കിലും ഷൈൻ ടോം എക്സൈസ് – പൊലീസ് ടീമിൻ്റെ കർശന നിരീക്ഷണത്തിലായിരിക്കും എന്നാണ് പുറത്തു വരുന്ന സൂചന.
താൻ പരാതി നൽകിയത് ചലച്ചിത്ര സംഘടനകൾക്കാണെന്നും പ്രശ്നത്തിന് അവർ പരിഹാരം കാണട്ടെയെന്നുമാണ് നടി വിൻസി അലോഷ്യസിൻ്റെ നിലപാട്. പൊലീസിനോ എക്സൈസിനോ അവർ മൊഴി കൊടുക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ കേസ് മുന്നോട്ട് പോകാൻ സാധ്യതയില്ല. തുടർച്ചയായി വിവാദങ്ങളിൽ ചാടുന്ന ഷൈനിനും ശ്രീനാഥ് ഭാസിക്കുമെതിരെ ചലച്ചിത്ര സംഘടനകൾക്ക് അകത്ത് വലിയ അമർഷമുണ്ട്. ഷൈൻ വിശദീകരണം നൽകി മാപ്പ് പറഞ്ഞാൽ പ്രശ്നം അവിടം കൊണ്ടു തീരുമോ എന്നാണ് കണ്ടറിയേണ്ടത്. നിലവിൽ കരാറൊപ്പിട്ട സിനിമകൾ പൂർത്തിയാക്കാൻ അനുവദിച്ച് ഷൈനിനെ സിനിമയിൽ നിന്നും മാറ്റി നിർത്തണം എന്ന നിലപാട് ചലച്ചിത്ര പ്രവർത്തകരിൽ ഒരുവിഭാഗം മുന്നോട്ട് വച്ചിട്ടുണ്ട്. ഷൈനിന് വേണ്ടി ആരും സംസാരിക്കാനും രംഗത്തില്ല എന്നതാണ് സ്ഥിതി.
അതേസമയം വിൻസിയുടെ പരാതിയിൽ തന്റെ വിശദീകരണം അറിയിക്കാനാണ് ഷൈനിൻ്റെ നീക്കം. തിങ്കളാഴ്ചയാണ് പരാതി അന്വേഷിക്കുന്ന മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേരുന്നത്. തിങ്കളാഴ്ച ഫിലിം ചേംബർ ആസ്ഥാനത്ത് നേരിട്ട് എത്തി കാര്യങ്ങൾ വിശദീകരിക്കും. ഷൈനിന് ഇ മെയിൽ വഴി സിനിമയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയുടെ കത്ത് വന്നെന്ന് ഷൈനിന്റെ കുടുംബം പറഞ്ഞു. തിങ്കളാഴ്ച ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഷൈൻ അന്വേഷണവുമായി സഹകരിക്കുമെന്ന് ഷൈന്റെ കുടുംബവും സ്ഥിരീകരിച്ചു.