റമദാനിലെ വെള്ളിയാഴ്ചകളിൽ ദുബായ് എമിറേറ്റ്സിലെ സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം. 70% ജീവനക്കാർവീട്ടിലിരുന്നും 30% പേർ ഓഫിസിലെത്തിയും ജോലി ചെയ്യണം.
സർക്കാർ ജീവനക്കാരുടെ ജോലി സമയം റമദാനിൽ അഞ്ചര മണിക്കൂറാക്കി നേരത്തെ കുറച്ചിരുന്നു. റമദാനിലെ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ വൈകിട്ട് 2.30 വരെ ആയിരിക്കുമെന്ന് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് (ഡിജിഎച്ച്ആർ) അറിയിച്ചു. കൂടാതെ വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പ്രവർത്തി സമയം. പ്രത്യേക ഷിഫ്റ്റ് ഷെഡ്യൂളിൽ ജോലി ചെയ്യേണ്ട ജീവനക്കാർക്ക് ഈ തീരുമാനം ബാധകമല്ല.
വെള്ളിയാഴ്ചകളിൽ സർക്കാർ സ്കൂൾ, സർവകലാശാലാ എന്നിവയുടെ പഠനം എന്നിവ ഓൺലൈനാക്കാം. പരീക്ഷകൾക്ക് സ്കൂളിൽ എത്തുന്നതിന് തടസ്സമില്ല. സ്വകാര്യമേഖലാ ജീവനക്കാരുടെ പ്രവൃത്തി സമയത്തിൽ 2 മണിക്കൂർ കുറയ്ക്കുകയും ചെയ്തിരുന്നു. ജോലിയുടെ സ്വഭാവം അനുസരിച്ച് റമദാനിൽ അനുയോജ്യമായ സമയം തിരഞ്ഞെടുക്കാനും മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അനുമതി നൽകിയിരുന്നു.