കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഗാന്ധി കുടുംബത്തുനിന്നും ആരും അധ്യക്ഷനാവാൻ തയ്യാറായില്ലെങ്കിലാണ് മത്സരം നടക്കുക. പുറത്തുനിന്നുള്ള ആൾ പ്രസിഡന്റാവണം എന്നാണ് ഗോണിയ ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും തീരുമാനം. ഈ സാഹചര്യത്തിൽ മത്സരം ഉണ്ടാകാനാണ് സാധ്യത.
ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ സ്ഥാനാർഥിയായാൽ അദ്ദേഹത്തിനെതിരെ ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂർ മത്സരിച്ചേക്കും. തരൂരിനും മനീഷ് തിവാരിക്കും ഒരുപോലെ സാധ്യത കൽപിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുത്തിട്ടില്ല. സ്ഥാനാർഥി നിർണയവുമായി ബാന്ധപ്പെട്ട ചർച്ചകൾ ജി 23 സംഘാംഗങ്ങൾക്കിടയിൽ സജീവമാണ്. ഒക്ടോബർ 17നാണ് എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
നിലവിൽ കോൺഗ്രസിൽ തുടരുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ജനകീയനായ ഒരു നേതാവ് തന്നെ വേണമെന്നാണ് സോണിയയുടെ നിലപാട്. രാഹുൽ ഗാന്ധിക്കോ പ്രിയങ്കാ ഗാന്ധിക്കോ ഇക്കാലമത്രയും ശക്തമായ നേതൃനിരയെ കൂടെ നിർത്താനായിട്ടുമില്ല. ഈ സാഹചര്യത്തിൽ വർഷങ്ങളായുള്ള കുടുംബ വാഴ്ചക്ക് മാറ്റം വന്നേക്കും. ഇത് കോൺഗ്രസിനെ വീണ്ടും ശക്തമായ ദേശീയ പാർട്ടി എന്ന നിലയിൽ ഉയർത്തും.
കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് അനിവാര്യമാണെന്നാണ് ശശി തരൂരിന്റെ നിലപാട്. കോൺഗ്രസ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതോടെ പുനരുജ്ജീവിക്കുമെന്നും തരൂർ പറഞ്ഞു. തെരഞ്ഞെടുപ്പു സംവിധാനത്തിലൂടെ അധ്യക്ഷനെത്തിയാൽ ദേശീയ തലത്തിൽ കോൺഗ്രസ് പാർട്ടിയോടുള്ള താല്പര്യം വർധിക്കുമെന്നും ഇത് കൂടുതൽ പേരെ പാർട്ടിയിലേക്ക് അടുപ്പിക്കുമെന്നുമാണ് തരൂരിന്റെ അഭിപ്രായം.