ദില്ലി: ഇസ്ലാമിക രാജ്യങ്ങളുമായി മികച്ച നയതന്ത്രബന്ധം സൃഷ്ടിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപനം മാതൃകാപരമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ദേശീയ മാധ്യമമായ സിഎൻഎൻ – ന്യൂസ് 18 കോൺക്ലേവിൽ സംസാരിക്കുമ്പോൾ ആണ് മോദിയുടെ വിദേശനയത്തെ അഭിനന്ദിച്ച് തരൂർ സംസാരിച്ചത്.
മുസ്ലീംരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കാത്തതിന് താൻ നേരത്തെ മോദി സർക്കാരിനെ വിമർശിച്ചിരുന്നുവെന്നും ഇപ്പോൾ ആ വിമർശനം പിൻവലിക്കാൻ സന്തോഷമേയുള്ളൂവെന്നും ശശി തരൂർ പറഞ്ഞു. ജി20യെ സമർത്ഥമായി ഉപയോഗിക്കുന്നതിനേയും പ്രശംസിച്ച തരൂർ അതേസമയം മോദി സർക്കാരിൻ്റെ ചൈനാ നയത്തെ ഇതേ വേദിയിൽ വിമർശിക്കുകയും ചെയ്തു.
തരൂരിൻ്റെ വാക്കുകൾ –
ലോകത്തെ പ്രധാന ഇസ്ലാമിക രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഒരിക്കലും അത്ര ശക്തമായിരുന്നില്ല. ഞാൻ ഓർക്കുന്നു, മോദി പ്രധാനമന്ത്രിയായതിന്റെ ആദ്യ വർഷം അദ്ദേഹം 27 രാജ്യങ്ങളിൽ സഞ്ചരിച്ചു, അതിലൊന്ന് പോലും ഇസ്ലാമിക രാജ്യമായിരുന്നില്ല. ഒരു കോൺഗ്രസ് എംപി എന്ന നിലയിൽ അന്ന് ആ നിലപാടിനെ ഞാൻ വിമർശിച്ചു. എന്നാൽ പിന്നീട് മോദി ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് വളരെ നല്ലതായിരുന്നു. ഇസ്ലാമിക രാജ്യങ്ങളുമായും രാഷ്ട്രനേതാക്കളുമായുമുള്ള മോദിയുടെ ഇടപെടലുകൾ മാതൃകാപരമാണ്. യുഎഇയും സൌദിയുമായി വളരെ മികച്ച ബന്ധമാണ് ഇന്ന് ഇന്ത്യയ്ക്കുള്ളത്. ഈ വിഷയത്തിൽ എന്റെ ആദ്യകാല വിമർശനം തിരിച്ചെടുക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
യോഗയെ പുനരുജ്ജീവിപ്പിക്കുകയും ആഗോളതലത്തിൽ ജനപ്രിയമാക്കുകയും ചെയ്തതിന് പ്രധാനമന്ത്രി മോദിയെ ശശി തരൂർ അടുത്തിടെ പ്രശംസിച്ചിരുന്നു. യോഗയെ പുനരുജ്ജീവിപ്പിക്കുകയും ജനകീയമാക്കാനും മുൻകൈയ്യെടുത്ത എല്ലാവരെയും അംഗീകരിക്കണം. യുഎൻ മുഖേന അന്താരാഷ്ട്ര യോഗ ദിനം അന്താരാഷ്ട്രവൽക്കരിക്കാൻ മുൻകൈയ്യെടുത്ത സർക്കാരിനെയും അഭിനന്ദിക്കണം – തരൂർ പറഞ്ഞു. അതേസമയം ഒരു ദുർബല നിമിഷത്തിൽ ശശി തരൂർ സത്യം പറഞ്ഞതാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പരിഹസിച്ചു.
Prime Minister Modi’s outreach to the Islamic world has been exemplary, it couldn’t have been better. Our relations are outstanding, especially with the Arab world…
Shashi Tharoor, perhaps in a moment of weakness, finally spoke the truth. pic.twitter.com/XgwD21NBee
— Amit Malviya (@amitmalviya) July 17, 2023