ബോളിവുഡ് താരം ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞുവച്ചു. ഇന്നലെ രാത്രിയാണ് തടഞ്ഞത്. ഷാറൂഖ് ഖാനും ഒപ്പമുണ്ടായിരുന്നവരും കൈവശം വച്ചിരുന്ന ആഡംബര വാച്ചുകളുടെ കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ടാണ് തടഞ്ഞത്. 6.83 ലക്ഷം രൂപ കസ്റ്റംസ് തീരുവ അടച്ചശേഷം അദ്ദേഹത്തെ വിട്ടയച്ചു.
ഷാർജയിലെ പുസ്തക മേളയിലും മറ്റു പരിപാടികളിലും പങ്കെടുത്ത ശേഷം സ്വകാര്യ ജെറ്റിലാണ് ഷാരൂഖ് ഖാൻ മുംബൈയിലെത്തിയത്. കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി ഷാറൂഖ് ഖാനെയും മാനേജരെയും വിട്ടയച്ചെങ്കിലും ബോഡി ഗാർഡിനെയും കൂടെയുണ്ടായിരുന്ന മറ്റു ചിലരെയും പുലർച്ചെ വരെ തടഞ്ഞുവച്ചു.
ഇവരുടെ ബാഗിൽ നിന്ന് 18 ലക്ഷം രൂപയോളം വിലവരുന്ന വാച്ചുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. ഷാർജ പുസ്തകമേളയിൽ പങ്കെടുത്ത് അവാർഡുകൾ സ്വീകരിച്ച ശേഷമായിരുന്നു ഷാറൂഖ് ഖാൻ മുംബൈയിൽ തിരികെയെത്തിയത്.