പാറശാല ഷാരോണ്‍ വധക്കേസ് അന്വേഷണം തമിഴ്നാട് പോലീസിന് കൈമാറുന്നതാണ് ഉചിതമെന്നാണ് അഡ്വക്കേറ്റ് ജനറലിൻ്റെ (എ.ജി) നിർണായക നിയമോപദേശം. ഷാരോൺ കേസ് രണ്ട് കൂട്ടർക്കും അന്വേഷിക്കാമെന്നായിരുന്നു ആദ്യ നിയമോപദേശം. എന്നാൽ രണ്ട് ഏജൻസികളുടെ അന്വേഷണം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് എ.ജി നിയമോപദേശം.
ഗ്രീഷ്മയെ ചോദ്യം ചെയ്തതിൽ നിന്നും കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ജ്യൂസ് ചലഞ്ച് ഷാരോണിനെ കൊല്ലാൻ ആസൂത്രണം ചെയ്തതാണെന്ന് ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞു. പലതവണ ജ്യൂസിൽ വിഷം കലർത്തി ഷാരോണിനെ കൊല്ലാൻ ശ്രമം നടത്തിയതായി ഗ്രീഷ്മ പറഞ്ഞു. കഷായം ഉണ്ടാക്കിയ പാത്രവും വിഷത്തിന്റേതെന്ന് സംശയിക്കുന്ന പൊടിയും പോലീസിന് ലഭിച്ചു.
ഷാരോണും ഗ്രീഷ്മയും താമസിച്ചെന്ന് പറയുന്ന തൃപ്പരപ്പിലെ റിസോര്‍ട്ടിലും ഇരുവരും ഒന്നിച്ചുപോയ മാര്‍ത്താണ്ഡത്തും ഇന്ന് ഗ്രീഷ്മയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഗ്രീഷ്മയെയും കൊണ്ട് ഇന്നലെ വെട്ടുകാട് പള്ളിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തിയിരുന്നു. വെട്ടുകാട് പള്ളിയില്‍ വെച്ച് കുങ്കുമം ചാര്‍ത്തി പ്രതീകാത്മകമായി താലികെട്ടിയെന്നായിരുന്നു ഗ്രീഷ്മയുടെ മൊഴി.
ഷാരോൺ രാജ് നിർബന്ധിച്ചിട്ടാണ് വെട്ടുകാട് പള്ളിയിൽ വച്ച് വിവാഹം കഴിച്ചതെന്നാണ് ഗ്രീഷ്മ മൊഴി നൽകിയത്. വേളിയിൽ വിശ്രമിക്കുമ്പോഴാണ് ആദ്യമായി കൊലപാതക പദ്ധതി മനസിൽ വന്നതെന്നും ഗ്രീഷ്മ പറഞ്ഞു. ചിരിച്ച് കൊണ്ടായിരുന്നു ഗ്രീഷ്മയുടെ ഉത്തരങ്ങൾ. തെളിവെടുപ്പിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കെലപാതക ആസൂത്രണം നടന്നത് തമിഴ്നാട്ടിലും മരണം കേരളത്തിലുമായതിനാൽ കേരള പോലീസിന് അന്വേഷണത്തിന് ഏറെ പരിമിതികൾ ഉണ്ട്.