ഷാര്‍ജയിൽ ബഹുനില കെട്ടിടത്തിന്റെ 13ാം നിലയിലെ ജനലിൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ചവർക്ക് ആദരവുമായി ഷാര്‍ജ പൊലീസ്. നേപ്പാൾ സ്വദേശിയായ വാച്മാന് മുഹമ്മദ് റഹ്മത്തുള്ളയെയും സഹായി അദേൽ അബ്ദുൾ ഹഫീസിനേയുമാണ് ഷാർജ പോലീസ് ആദരിച്ചത്. ഷാർജ പോലീസ് ഏര്പ്പുടുത്തിയ സ്വീകരണചടങ്ങില്‍ കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ ഷംസി ഇരുവര്‍ക്കും ആദരം കൈമാറി.
ധൈര്യപൂർവ്വമുള്ള സമയോചിതമായ രക്ഷാപ്രവര്‍ത്തനമാണ് ഇരുവരേയും ബഹുമതിക്ക് അർഹരാക്കിയതെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തകരെ ബഹുമാനിക്കാൻ സേന എപ്പോഴും താൽപ്പര്യപ്പെടുന്നുണ്ടെന്നും മേജർ ജനറൽ സെയ്ഫ് അൽ ഷംസി പറഞ്ഞു. ഇരുവര്‍ക്കും പ്രശംസാപത്രവും പുതിയ മൊബൈല്‍ ഫോണുമാണ് സമ്മാനമായി നല്‍കിയത്.
കഴിഞ്ഞ ദിവസം അപ്പാർട്ട്മെന്റിൽ ആരുമില്ലാത്ത സമയത്തായിരുന്നു കെട്ടിടത്തിന്റെ പതിമൂന്നാം നിലയിലെ ജനൽ ചില്ലിൽ കുട്ടി കുരുങ്ങിപ്പോയത്. കുട്ടിയെ തനിച്ചാക്കി മാതാവ് ഭക്ഷണം വാങ്ങാന്‍ പുറത്തുപോയപ്പോഴായിരുന്നു സംഭവം. അപകടെ ശ്രദ്ധയില്‍പ്പെട്ട വാച്ച്മാന് സഹായികൾക്കൊപ്പം ഫ്ലാറ്റിന്റെ വാതില്‍ തകര്‍ക്ക് കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. സിറിയന്‍ ദമ്പതികളുടെ നാല് വയസുള്ള മകനെയാണ് വാച്മാൻ മുഹമ്മദ് റഹ്മത്തുള്ളയും സുഹൃത്തും ചേര്‍ന്ന് രക്ഷപെടുത്തിയത്.