എനിക്ക് കിട്ടാത്ത സ്വീകാര്യത സണ്ണി ലിയോണിക്ക് കിട്ടുന്നുണ്ടെന്ന് നടി ഷക്കീല. താൻ സിനിമ ചെയ്തിരുന്ന കാലത്ത് സോഷ്യൽ മീഡിയ എന്തെന്നുപോലും അറിയില്ലായിരുന്നു. ചിലർക്ക് ഞാൻ ആരാണെന്നു പോലും അറിയില്ല. എന്നാൽ സണ്ണി ലിയോണി വന്നപ്പോളേക്ക് സോഷ്യൽ മീഡിയ വളരെയധികം വളർന്നു. അവർ ആരാണ്, എന്താണ് എന്നൊക്കെ എല്ലാവർക്കും അറിയാമെന്നും അതിനാലാണ് സണ്ണി ലിയോണി ഇത്ര ആഘോഷമാവുന്നതെന്നും ഷക്കീല പറഞ്ഞു.
”അതിൽ തെറ്റൊന്നുമില്ല. എൻ്റെ സിനിമകൾ ആയിരുന്നു ഒരു കാലത്ത് യുവാക്കൾക്കും പുരുഷന്മാർക്കും പ്രായമായ ആളുകൾക്ക് പോലും ഉണ്ടായിരുന്ന ഏക വിനോദം. ഇത് രണ്ടും രണ്ട് കാലഘട്ടമാണ്. അതിൽ എനിക്ക് വിഷമം ഒന്നുമില്ല” എന്നും ഷക്കീല പറയുന്നു. ഷക്കീലയെ പല വേദികളിൽ നിന്നും മാറ്റി നിർത്തിയ അനുഭവം ഉണ്ടായതിന് പിന്നാലെയാണ് താരത്തിൻ്റെ ഈ തുറന്നു പറച്ചിൽ.
ഒമർ ലുലുവിൻ്റെ ‘നല്ല സമയം’ ചിത്രത്തിൻ്റെ ട്രെയ്ലർ ലോഞ്ചിൽ ഷക്കീല എത്തുന്നതിനാൽ പരിപാടി മാൾ അധികൃതർ റദ്ദാക്കിയിരുന്നു. ആ വാർത്ത വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെ വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിശിഷ്ടാതിഥിയായി നടി ഷക്കീല എത്തിയിരുന്നു. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിലേക്കാണ് താരം എത്തിയത്. മാളിൽ ഇരൂന്നൂറോ മുന്നൂറോ ആളുകളെ ഉണ്ടാവൂ എന്നാൽ താൻ ഇന്ന് ആയിരങ്ങളുടെ മുന്നിലാണ് നിൽക്കുന്നത് എന്നാണ് ഉത്സവ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഷക്കീല പറഞ്ഞത്.