അഫ്ഗാനിസ്ഥാനിൽ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി താലിബാനോട് സ്കൂളുകള്‍ വീണ്ടും തുറക്കണമെന്ന് ഐക്യരാഷ്ട്രസഭ. താലിബാന് പെണ്‍കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ നിരോധനം പിന്‍വലിക്കണമെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ‘അറിവിന്റെയും അവസരങ്ങളുടെയും ഒരിക്കലും തിരിച്ചുകിട്ടാത്ത ഒരു വര്‍ഷം’ എന്നാണ് ഗുട്ടെറസ് ട്വിറ്ററില്‍ കുറിച്ചത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് താലിബാന് അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തത്. പിന്നീട് ആഴ്ചകള്‍ക്ക് ശേഷം തന്നെ ആണ്‍കുട്ടികള്‍ക്കായി മാത്രം സ്കൂളുകള്‍ തുറന്നു. പെണ്‍കുട്ടികളെ ഹയര്‍സെക്കന്ററി ക്ലാസുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
മാര്‍ച്ച് 23 ന് വിദ്യാഭ്യാസ മന്ത്രാലയം പെണ്‍കുട്ടികള്‍ക്കുവേണ്ടി സ്കൂളുകൾ തുറന്നെങ്കിലും താലിബാന് നേതൃത്വം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. ഇതുമൂലം ഒരു ദശലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്കാണ് വിദ്യാഭ്യാസം നഷ്ടമായത്. ഇത് നാണക്കേടാണെന്ന് അഫ്ഗാനിലെ യുണൈറ്റഡ് നാഷന്‍സ് അസിസ്റ്റന്‍സ് മിഷന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.