റംസാനിൽ യുഎഇയിലെ സ്കൂളുകളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. വ്രതം അനുഷ്ഠിക്കുന്ന വിദ്യാർഥികൾക്കും ജീവനക്കാർക്കും പ്രാർത്ഥനയ്ക്കും മറ്റും കൂടുതൽ സമയം ലഭ്യമാക്കാനാണ് മാറ്റം.
സ്കൂളുകളുടെ പ്രവർത്തനസമയം അഞ്ച് മണിക്കൂറിൽ കൂടാൻ പാടില്ലെന്നാണ് നിബന്ധന. രാവിലെ എട്ടിനോ ഒൻപതിനോ ആരംഭിച്ച് ഉച്ചയ്ക്ക് ഒന്നിനോ രണ്ടിനോ ക്ലാസുകൾ അവസാനിപ്പിക്കുന്നതാണ് പതിവ്. പഠനസമയത്തിലെ മാറ്റം സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിക്കണം. ഈ കാലയളവിൽ നീന്തൽ പോലെയുള്ള കായികപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വ്രതമനുഷ്ഠിക്കുന്ന വിദ്യാർഥികളെ നിർബന്ധിക്കാൻ പാടില്ല. ക്ഷീണം, നിർജലീകരണം എന്നിവ മൂലം ഉണ്ടായേക്കാവുന്ന അപകടസാധ്യത ഒഴിവാക്കാനായി തുറസ്സായ പ്രദേശത്തെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിദ്യാർഥികളെ മാറ്റി നിർത്തണമെന്ന് വിദ്യാലയങ്ങൾക്ക് നിർദേശമുണ്ട്.
റംസാൻ മാസത്തോടനുബന്ധിച്ചുള്ള മാറ്റങ്ങൾക്ക് അബുദാബിയിലെ മിക്ക സ്കൂളുകളും തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റിയുടെ (കെ.എച്ച്.ഡി.എ.) ഔദ്യോഗിക അറിയിപ്പുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.