ഖർത്തും: സുഡാനിലെ രണ്ട് സേനാവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ സൗദി വിമാനത്തിന് നേരെ വെടിവയ്പ്പ്. സുഡാൻ തലസ്ഥാനമായ ഖർത്തൂമിൽ നിന്നും സൗദി അറേബ്യയിലെ പുറപ്പെടാനൊരുങ്ങിയ വിമാനത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. എയർ എ 330 വിമാനത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പിന് പിന്നാലെ വിമാനം റൺവേയിൽ നിന്നും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരേയും എയർലൈൻ ജീവനക്കാരേയും സൗദി എംബസിയിലേക്ക് എത്തിക്കുകയും ചെയ്തു. വെടിവയ്പ്പിൽ ആർക്കും പരിക്കില്ലെന്നാണ് ഔദ്യോഗികമായി കിട്ടുന്ന വിവരം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സുഡാനിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി സൗദി എയർലൈൻസ് അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ചയാണ് സുഡാനിലെ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെട്ടത്. സൈനിക മേധാവിയും അർധസൈനികവിഭാഗത്തിൻ്റെ ചുമതലയുള്ള ഉപമേധാവിയും തമ്മിൽ അഭിപ്രായഭിന്നതയാണ് ഇരുവിഭാഗം സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായത് എന്നാണ് പുറത്തു വരുന്ന വിവരം. പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയും വിമാനത്താവളവും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അർധസൈനിക വിഭാഗം അവകാശപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല. ഇരുവിഭാഗവും തമ്മിൽ നടത്തിയ വെടിവയ്പ്പിനിടെ ഒരു മലയാളിയും ഇന്ന് വെടിയേറ്റ് മരിച്ചിരുന്നു.