രാജ്യം സ്ഥാപിക്കപ്പെട്ടതിന്റെ വാർഷിക ദിന ആഘോഷങ്ങൾക്ക് സൗദി അറേബ്യയിൽ തുടക്കമായി. സ്വദേശികളും വിദേശികളും ആഘോഷത്തിൽ പങ്കാളികളാവും. 1727 ന്റെ തുടക്കത്തിൽ (ഹിജ്റ വർഷം 1139 ന്റെ മധ്യത്തിൽ) ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമദിനമായാണ് ഫെബ്രുവരി 22 എല്ലാ വർഷവും സ്ഥാപക ദിനമായി കൊണ്ടാടുന്നത്. കഴിഞ്ഞ വർഷം മുതലാണ് ആദ്യമായി ഈ ദിനം ആഘോഷിക്കാൻ തുടങ്ങിയത്. ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
റിയാദ് ജിദ്ദ ദമ്മാം എന്നിവക്ക് പുറമെ സൗദിയിലെ എല്ലാ പ്രവിശ്യകളിലും ആഘോഷമുണ്ടാവും. ജനറൽ എന്റർടെയ്മെന്റ് അതോറിറ്റി പരിപാടികളുടെ വിശദമായ പട്ടികയും പുറത്ത് വിട്ടിട്ടുണ്ട്. തലസ്ഥാന നഗരിയിലെ വിനോദ സാംസ്കാരിക നഗരമായ ബോളീവാർഡിൽ പ്രത്യേക ആഘോഷ പരിപാടികൾ അരങ്ങേറും. നഗരത്തിനകത്തും ഗ്രാമങ്ങളിലും സൗദിയുടെ ചരിത്രം പറയാനും അറിയാനുമുള്ള സംവാദ വേദികൾ ഒരുങ്ങും.
അതേസമയം സൗദിയിലെ പ്രധാന പൗരാണിക ചന്തകൾ വൈദ്യുതദീപങ്ങൾക്കൊണ്ടും കൊടിതോരണങ്ങൾ കൊണ്ടും അലങ്കരിക്കപ്പെടും. രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും സാമൂഹികവുമായ പൈതൃകം ഉയർത്തിപ്പിടിക്കുന്ന നിരവധി പരിപാടികൾക്കും കലാപ്രകടനങ്ങൾക്കും വിവിധ പ്രവിശ്യകൾ സാക്ഷ്യം വഹിക്കും.
ചെറുകിട, വൻകിട സ്ഥാപനങ്ങൾക്കും മറ്റ് സേവന മേഖലകൾക്കും അവരുടെ ഉൽപ്പന്നങ്ങൾക്കും സേവനത്തിനും പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സൗദിയുടെ ചരിത്രം പറയുന്ന ഭൂപ്രദേശങ്ങൾ, പഴയകാല ചിത്രങ്ങൾ, വസ്ത്രങ്ങൾ, നൂറ്റാണ്ടുകൾക്ക് മുമ്പ് ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, ആയുധങ്ങൾ, അക്കാലത്തെ തെരുവ് ചന്തയുടെ ചിത്രം തുടങ്ങി പഴയ സൗദിയിലേക്ക് ശ്രദ്ധ തിരിക്കുന്ന ചിഹ്നങ്ങൾ എന്നിവയും ട്വിറ്റർ, സ്നാപ്ചാറ്റ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.
1932 സെപ്റ്റംബർ 23നാണ് നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് അബ്ദുൽ അസീസ് രാജാവ് സൗദി അറേബ്യയായി ഏകീകരിച്ചത്. ഈ ദിനമാണ് ദേശീയദിനമായി കൊണ്ടാടുന്നത്. 2005ൽ അബ്ദുല്ല രാജാവിന്റെ ഭരണകാലത്താണ് ആദ്യമായി ദേശീയദിനം ആഘോഷിക്കാനും പൊതു അവധി നൽകാനും ഉത്തരവുണ്ടായത്. തുടർന്ന് എല്ലാ സെപ്റ്റംബർ 23നും രാജ്യം ദേശീയദിനം ആഘോഷിക്കാറുമുണ്ട്.
നാടൊട്ടുക്കും രാജ്യത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന പരിപാടികളുണ്ടാകും. ലോകത്തെ ആദ്യ കാർബൺരഹിത നഗരമായ ‘ദി ലൈൻ’ ഉൾപ്പെടെ അത്യാധുനിക പദ്ധതികൾ വഴി സൗദി അറേബ്യ ലോകത്തിന്റെ നെറുകയിൽ എത്തിയിട്ടുണ്ട്. കൂടാതെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ രാജ്യത്തിന്റെ പരിവർത്തന പദ്ധതിയായി പ്രഖ്യാപിച്ച വിഷൻ 2030 രാജ്യത്ത് വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കം കുറിയ്ക്കുന്നത്. അതേസമയം തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും സ്ത്രീകൾ ഉൾപ്പടെയുള്ള സംരംഭകർക്കും ഉദ്യോഗാർഥികൾക്കും മികച്ച സാധ്യതകൾ ഉണ്ടാക്കുന്നതിലും സൗദി വിജയിച്ചു.