രാജ്യത്തെ ഫുട്ബോൾ ലീഗിനെ ആഗോളതലത്തിൽ മുൻനിരയിലെത്തിക്കാനുള്ള പദ്ധതിയുമായി സൗദ്ദി അറേബ്യ മുന്നോട്ട്. ഫുട്ബോൾ ലീഗിനെ വികസിപ്പിക്കാനും കൂടുതൽ പ്രതിഭകളെ ക്ലബുകളിലെത്തിക്കാനുമുള്ള ലക്ഷ്യത്തോടെയുള്ള പുതിയ നിക്ഷേപ പദ്ധതിക്ക് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുടക്കമിട്ടു.
രാജ്യത്തെ സ്പോർട്സ് ക്ലബ്ബുകളിലെ നിക്ഷേപവും സ്വകാര്യവൽക്കരണവും ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. ഗൾഫ് മേഖലയിലാകെ പുതിയൊരു കായിക സംസ്കാരം രൂപപ്പെടുത്തിയെടുക്കാനും രാജ്യത്ത് വിവിധയിനം കായികമത്സരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഇതിനായി സ്വകാര്യ നിക്ഷേപം ഉപയോഗപ്പെടുത്തും.
രാജ്യത്തെ വിവിധ സ്പോർട്സ് ടീമുകളിലും സംഘടനകളിലും പ്രധാന കമ്പനികളിൽ നിന്നുള്ള നിക്ഷേപം അനുവദിക്കും. ഈ വർഷം അവസാനത്തോടെ സ്പോർട്സ് ക്ലബുകളിൽ നിക്ഷേപം സ്വീകരിച്ചു തുടങ്ങും. ലോക ഫുട്ബോളിലെ മികച്ച 10 ലീഗുകളിലൊന്നായി സൗദി പ്രൊഫഷണൽ ലീഗിനെ മാറ്റിയെടുക്കുകയും ലീഗിന്റെ വരുമാനം പ്രതിവർഷം 450 ദശലക്ഷം SAR ($120 ദശലക്ഷം) ൽ നിന്ന് 1.8 ബില്യൺ SAR ($480 ദശലക്ഷം) ആയി വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
സൗദി പ്രൊഫഷണൽ ലീഗിന്റെ വിപണി മൂല്യം 3 ബില്യൺ SAR ($800 ദശലക്ഷം) ൽ നിന്ന് 8 ബില്യൺ SAR (2.1 ബില്യൺ ഡോളർ) ആയി ഉയർത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്. സൗദി പ്രോ ലീഗ് ചാമ്പ്യൻമാരായ അൽ ഇത്തിഹാദ് റയൽ മാഡ്രിഡിൽ നിന്ന് രണ്ട് വർഷത്തെ കരാറിൽ കരീം ബെൻസെമയെ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി അറേബ്യൻ മാധ്യമമായ അൽ ഇഖ്ബാരിയ ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
സൗദി അറേബ്യയുമായുള്ള റൊണാൾഡോയുടെ ഇടപാട് പ്രതിവർഷം 200 മില്യൺ ഡോളറിലധികമാണെന്നാണ് റിപ്പോർട്ട്. അർജന്റീന താരം ലയണൽ മെസ്സിയും അൽ ഹിലാലിലേക്ക് മാറാൻ ഒരുങ്ങുന്നതായി വാർത്തകളുണ്ട്