ഈദ് പ്രാർത്ഥനകൾക്കും ആഘോഷങ്ങൾക്കുമായി അടിമുടി ഒരുങ്ങി സൗദി അറേബ്യ. നമസ്കാര പ്രാർത്ഥനകൾക്കായി 20,700 പള്ളികൾ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. ഏറ്റവും അധികം ആളുകൾ പള്ളികളിലേക്ക് ഒഴുകുന്ന സാഹചര്യം പ്രമാണിച്ച് സുരക്ഷയും കർശനമാക്കിയിട്ടുണ്ട്. പള്ളികളും പ്രാർത്ഥനാലയങ്ങളും നിരീക്ഷിക്കാൻ ആറായിരത്തിലധികം പുരുഷ-വനിതാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായി മന്ത്രിസഭ വ്യക്തമാക്കി.
വ്യാഴാഴ്ച വൈകുന്നേരം ചന്ദ്രക്കല ദൃശ്യമാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ സുപ്രീം കോടതി മുസ്ലീം മത വിശ്വാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ചന്ദ്രക്കല ദൃശ്യമാകുന്നവർ ഉടൻ തന്നെ വിവരം അടുത്തുള്ള കോടതിയിൽ തെളിവ് സഹിതം സാക്ഷ്യപ്പെടുത്തണമെന്നാണ് നിർദേശം. ഇന്റർനാഷണൽ ആസ്ട്രോണമി സെന്റർ ഓഫ് സൗദി അറേബ്യയുടെ നിരീക്ഷണപ്രകാരം ഈദ് ഉൽ ഫിത്തർ ഏപ്രിൽ 22 ന് ആകാനാണ് സാധ്യത.
പുണ്യമാസം അവസാന ദിനങ്ങളിലേക്ക് കടന്നതോടെ പള്ളികളിലേക്ക് ലക്ഷക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തുന്നത്.ബുധനാഴ്ച വൈകുന്നേരം നടന്ന തറാവീഹ് പ്രാർത്ഥനയിൽ പങ്കെടുക്കാൻ 2.5 മില്യൺ വിശ്വാസികളാണ് മക്കയിലെ ഗ്രാന്റ് മോസ്കിൽ ഒത്തുകൂടിയത്.