സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ നിയമിച്ചതില്‍ വിയോജിപ്പ് രേഖപ്പെടുത്തി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി യൂണിയന്.
സുരേഷ് ഗോപിയെ അധ്യക്ഷനാക്കാനുള്ള നാമനിര്‍ദേശം ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്ത്ഥിയൂണിയന് പ്രസ്താവന പുറത്തിറക്കി.
ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങള്‍ പിന്തുടരുന്ന നടനായ സുരേഷ് ഗോപി ബിജെപിയുടെ സജീവ നേതാവാണ്. രാജ്യത്തെ മതേതരത്വത്തിന് ഭീഷണിയാകുന്ന വിഭാഗീയ പ്രസ്താവനകള്‍ പോലും സുരേഷ് ഗോപി നടത്തിയിട്ടുണ്ട്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന, പ്രത്യേകിച്ച് ധ്രുവീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തേക്ക് വന്നാല്‍ അത്, ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ത്തിപ്പിടിക്കുന്ന നിഷ്പക്ഷവും കലാസ്വാതന്ത്ര്യപരവുമായ തത്വങ്ങളില്‍ വിള്ളല്‍ വീഴും.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അവരുടെ ആശയങ്ങള്‍ പക്ഷപാതമോ പ്രത്യശാസ്ത്രപരമായ നിയന്ത്രണങ്ങളോ ഭയപ്പെടാതെ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ കഴിയണമെന്നും സുരേഷഅ ഗോപിയെ നാമനിര്‍ദേശം ചെയ്യുന്നതിലൂടെ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥി സമൂഹം ആശങ്കാകുലരാണെന്നും വിദ്യാര്‍ത്ഥി യൂണിയന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് സുരേഷ്ഗോപിയെ ഫിലിം ഇന്‍സ്റ്റിറ്റിയൂഷന്റെ തലപ്പത്തേക്ക് നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഈ നടപടി സംസ്ഥാന നേതൃത്വം അറിഞ്ഞിട്ടില്ല.
കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ ആണ് എക്സ് പ്ലാറ്റ്ഫോമിലൂടെ വിവരം പങ്കുവെച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് സത്യജിത്ത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ് കൗണ്‍സില്‍ ചെയര്മാന് ചുമതലയും സുരേഷ് ഗോപിക്കാണ്.