മലപ്പുറം: മഞ്ചേരി കൃഷ്ണപ്രിയ കേസിലെ പ്രതി മുഹമ്മദ് കോയയെ കൊന്ന കേസിൽ പ്രതിയായിരുന്ന ശങ്കരനാരായണൻ അന്തരിച്ചു. 75 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നിൽ പൂവ്വഞ്ചേരി തെക്കേ വീട്ടിൽ ശങ്കരനാരായണനെ കേരമറിയുന്നത് മകളുടെ ഘാതകനെ കൊലപ്പെടുത്തി നീതി നടപ്പാക്കിയ അച്ഛൻ എന്ന നിലയിലാണ്.
2001 ഫെബ്രുവരി ഒമ്പതിനാണ് കൃഷ്ണപ്രിയ ക്രൂരമായി കൊല്ലപ്പെട്ടത്. അയല്‍വാസി മുഹമ്മദ് കോയയാണ് കൃഷ്ണപ്രിയയെ കൊലപ്പെടുത്തിയത്. മുഹമ്മദ് കോയ പിന്നീട് വെടിയേറ്റു മരിച്ചു. ശങ്കരനാരായണനാണ് മുഹമ്മദ് കോയയെ കൊലപ്പെടുത്തിയത് എന്നായിരുന്നു പോലീസ് കണ്ടെത്തല്‍. 2006ല്‍ ശങ്കരനാരായണനെ കോടതി കുറ്റവിമുക്തനാക്കി.
2001 ഫെബ്രവരി ഒൻപതിന് ഏഴാം ക്ലാസിൽ പഠിക്കുന്ന കൃഷ്ണപ്രിയയെ സ്കൂൾ വിട്ടു വരുന്ന വഴി അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ (24) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് കോയ പിന്നീട് 2002 ജൂലായ് 27-ന് ജാമ്യത്തിലിറങ്ങി. ഇയാളെ പിന്നീട് തൻ്റെ രണ്ട് സുഹൃത്തുകളുടെ സഹായത്തോടെ ശങ്കരനാരായണൻ നാടൻ തോക്ക് കൊണ്ട് വെടിവച്ചു കൊല്ലുകയായിരുന്നു. മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിനാണ് ശിക്ഷിച്ചെങ്കിലും 2006 മെയ് മാസം തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടു.
മൃതശരീരം വീണ്ടെടുക്കുന്നതിൽ പോലീസിനു വീഴ്ച പറ്റിയെന്നും ക്രിമിനൽ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റുശത്രുക്കളും ഉണ്ടാകുമെന്നും കാണിച്ചാണ് കോടതി അന്ന് അദ്ദേഹത്തെ വെറുതെ വിട്ടത്. പ്രസാദ്, പ്രകാശ് എന്നിവരാണ് ശങ്കരനാരായണൻ്റെ മറ്റു മക്കൾ.