ഇന്ത്യന്‍ എ ടീം നായകനായി മലയാളിതാരം സഞ്ജു സാംസന് വിജയത്തുടക്കം. ന്യൂസീലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 7 വിക്കറ്റിനാണ് ഇന്ത്യ മിന്നും ജയം നേടിയത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം 31.5 ഓവറില്‍ ഇന്ത്യ മറികടന്നു.
പുറത്താകാതെ 41 പന്തില്‍നിന്ന് ഏഴ് ബൗണ്ടറിയടക്കം 45 റണ്‍സെടുത്ത രജത് പാട്ടിദാറാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 54 പന്തില്‍നിന്ന് 41 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്വാദും മികച്ച പ്രകടനം പുറത്തെടുത്തു. 31 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയും 17 റണ്‍സെടുത്ത ഓപ്പണര്‍ പൃഥി ഷാ എന്നിവരും ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിന് സംഭാവന നല്കി.
നാലാം വിക്കറ്റില്‍ ക്രീസിലിറങ്ങിയ സഞ്ജു നായകന്റെ പ്രകടനം പുറത്തെടുത്തു. 32 പന്തില്‍ മൂന്ന് സിക്സും ഒരു ഫോറുമടക്കം 29 റണ്‍സ് നേടി. സിക്സറോടെയാണ് സഞ്ജു വിജയറണ്‍ മറികടന്നത്. നേരത്തെ ഇന്ത്യന്‍ ബൗളര്‍മാര്‍ ന്യൂസിലന്‍ഡിനെ വരിഞ്ഞുമുറുക്കുകയായിരുന്നു. തുടരെ വിക്കറ്റുകൾ വീണതോടെ ന്യൂസിലന്‍ഡ് പോരാട്ടം 167ല്‍ അവസാനിച്ചു.
ഇന്ത്യയ്ക്കായി ഷാർദ്ദൂൽ ഠാക്കൂര്‍ നാല് വിക്കറ്റ് വീഴ്ത്തി. കുൽദീപ് സെൻ 3 വിക്കറ്റുകൾ നേടി. 104 പന്തിൽ 61 നേടിയ മൈക്കിൾ റിപ്പണാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്കോറര്‍. 36 റണ്‍സെടുത്ത ജോ വാക്കറാണ് ന്യൂസിലന്റിനെ 150 കടത്തിയത്. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ റോബര്‍ട്ട് ഒഡൊണ്ണെല് 22 റണ്‍സെടുത്തു. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. നേരത്തെ സീനിയര്‍ ടീമില്‍ നിന്ന് തഴയപ്പെട്ട സഞ്ജുവിനെ ഇന്ത്യ എ ടീം നായകനായി പരിഗണിക്കുകയായിരുന്നു.