കൊച്ചി: നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെയും പൊലീസ് കേസെടുത്തു. ഹേമാ കമ്മിറ്റിയിൽ മൊഴിനൽകിയതിന്റെ വിരോധത്തിൽ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരിക്കുന്നത്.ബി.ഉണ്ണിക്കൃഷ്ണനെ ഒന്നാം പ്രതിയും നിർമാതാവ് ആന്റോ ജോസഫിനെ രണ്ടാം പ്രതിയുമാക്കിയാണ് എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സിനിമയുടെ തർക്ക പരിഹാരവുമായി ബന്ധപ്പെട്ട യോഗത്തിൽ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പിന്നാലെ സംഘടനയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയിൽ നിന്ന് സാന്ദ്രയെ പുറത്താക്കി.
എന്നാൽ ഇതിനെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിക്കുകയും, പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്യുകയുമായിരുന്നു. സെൻട്രൽ പോലീസിൽ പരാതി നൽകിയപ്പോൾ പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായിരുന്നില്ല. പിന്നീടിവർ കോടതിയെ സമീപിച്ചു. കോടതിയുടെ നിർദേശപ്രകാരമാണിപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.