എന്‍എസ്എസ് കരയോഗത്തിന്റെ ഓണാഘോഷ പരിപാടിക്ക് പങ്കെടുത്തിട്ട് പണം നല്‍കാതെ പറ്റിച്ചുവെന്ന നടി ലക്ഷ്മിപ്രിയയുടെ ആരോപണങ്ങളില്‍ വിശദീകരണവുമായി ബിജെപി നേതാവ് സന്ദീപ് വചസ്പതി. കരയോഗത്തിന്റെ ഒരുപാടിയുമായി ബന്ധപ്പെട്ടാണ് ലക്ഷ്മി പ്രിയയെ വിളിച്ചതെന്നും എന്നാല്‍ അവര്‍ ആവശ്യപ്പെട്ടത് 60,000 രൂപയാണെന്നും സന്ദീപ് വചസ്പതി പറഞ്ഞു. അത്രയും രൂപ നല്കാന് ആവില്ലെന്ന് സംഘാടകര്‍ അപ്പോള്‍ തന്നെ നടിയെ അറിയിച്ചിരുന്നതാണെന്നും സന്ദീപ് വചസ്പതി.
ചെങ്ങന്നൂരിലെ എന്‍എസ്എസ് കരയോഗത്തിന്റെ പരിപാടിയുമായി ബന്ധപ്പെട്ട് സംഘാടകര്‍ സെലിബ്രിറ്റിയെ ആവശ്യപ്പെട്ടിരുന്നു. മൂന്ന് മാസം മുമ്പ് ലക്ഷ്മിയെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. വലിയ പണമൊന്നും പ്രതീക്ഷിക്കരുത്, ചെറിയ പരിപാടിയാണെന്ന് അവരോട് പറയുകയും ചെയ്തതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തീര്‍ച്ചയായും വരാമെന്ന് ഇവര്‍ പറഞ്ഞതാണെന്ന് സന്ദീപ് വചസ്പതി പറയുന്നു.
പിന്നീട് താന്‍ അറിയുന്നത് ലക്ഷ്മി വിളിച്ച് താന്‍ പരിപാടിക്ക് പോയി വളരെ കുറച്ച് പണം മാത്രമാണ് അവര്‍ തന്നതെന്നാണ്. കാര്യങ്ങള്‍ അന്വേഷിച്ച് തിരികെ വിളിക്കാമെന്ന് താന്‍ അവരോട് പറഞ്ഞെന്നും സന്ദീപ് വചസ്പതി ലൈവില്‍ പറഞ്ഞു.
സംഘാടരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ അവര്‍ നല്കിയ 10,000 രൂപ തിരിച്ച് നല്‍കുകയാണെന്നും ലക്ഷ്മി പറഞ്ഞു. പണം തിരികെ നല്‍കരുതെന്ന് പറഞ്ഞിട്ടും അവര്‍ നല്‍കുകയായിരുന്നെന്നും സന്ദീപ് വചസ്പതി പറഞ്ഞു.
60,000 രൂപയാണ് ലക്ഷ്മി ആവശ്യപ്പെട്ടതെന്ന് സംഘാടകര്‍ പറഞ്ഞു. പണം സംബന്ധിച്ച് കാര്യങ്ങള്‍ സംസാരിച്ചത് അവര്‍ തമ്മിലാണ്. വലിയ തുക ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഇത്രയൊന്നും ഉണ്ടാവില്ലെന്നറിയിച്ചപ്പോള്‍ ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞിരുന്നു. ചെറിയ തുകയാണ് ലഭിച്ചതെന്ന് അവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അക്കൗണ്ട് നമ്പര്‍ അയക്കാനും താന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. സംഘാടകരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ 25,000 രൂപ കൊടുക്കാമെന്ന ധാരണയില്‍ ഇരിക്കുന്നതിനിടെയാണ് ഇന്നലെ ലക്ഷ്മിയുടെ ഭര്‍ത്താവ് തന്നെ വിളിക്കുന്നത്. വളരെ സൗഹാര്‍ദത്തോടെ കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ അവര്‍ തന്നോട് അലറുകയായിരുന്നു. താനായിട്ട് ഇതുവരെ ആരെയും അറിയിച്ചിട്ടില്ല. ഇനി ഇത് അറിയിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ഫോണ്‍കട്ട് ചെയ്തതായും സന്ദീപ് പറഞ്ഞു.
ലക്ഷ്മിക്ക് പോലും ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് വരുന്നവരോട് ഒന്നും പറയാനില്ല. സുഡാപ്പികളും രാഷ്ട്രീയ എതിരാളികളുമാണ് അവര്‍. അവര്‍ക്ക് അവരുടെ രാഷ്ട്രീയ അജണ്ടകളും ഉണ്ടാകാം. ഇതില്‍ ബിജെപിക്കോ ആര്‍എസ്എസിനോ ഒരു റോളുമില്ല. സഹപ്രവര്‍ത്തകര്‍ എതെരാവശ്യം ഉന്നയിച്ചാല്‍ ഇനിയും സഹായം തുടരും. ഇതിനപ്പുറം ഒരു വിശദീകരണം ഇല്ല. ഓണ്‍ലൈന്‍ ആങ്ങളമാരോട് പറയാനുളളത്. പെങ്ങളെ താലോലിക്കുന്നത് സത്യാവസ്ഥ അറിഞ്ഞിട്ട് വേണം. താലോലിക്കലും ആങ്ങളമാരുടെ റോളും ഒക്കെ നടക്കട്ടെ. കപട മുഖം അണിഞ്ഞ് നിഷകളങ്കാരവരുതെന്നും സന്ദീപ് ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു.
ഓണാഘോഷവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടിട്ട് പങ്കെടുത്ത പരിപാടിക്ക് മാന്യമായ പ്രതിഫലം നല്‍കിയില്ലെന്നാണ് ലക്ഷ്മി സാമൂഹിക മാധ്യമത്തിലെ കുറിപ്പില്‍ പറയുന്നത്. സ്വന്തം കൈയില്‍ നിന്നും ഡീസല്‍ അടിച്ച്, തൊണ്ട പോട്ടി പ്രസംഗിച്ച് പാര്‍ട്ടിയെ വളര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ആര്‍എസ്എസ് പരിപാടികള്‍ക്കും ബിജെപി പ്രചരണത്തിനും പോയിട്ടുണ്ടെന്നും എന്നിങ്ങനെയുള്ള കാര്യങ്ങളും ലക്ഷ്മിപ്രിയ പോസ്റ്റില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 27ന് നേരിട്ട അനുഭവമാണ് താരം വെളിപ്പെടുത്തിയത്. പരിപാടിയുടെ പോസ്റ്റര്‍ അടക്കം പങ്കുവെച്ചാണ് ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടത്.