25 കോടി കൈക്കൂലി നല്‍കിയില്ലെങ്കില്‍ ആര്യന് ഖാനെ ലഹരി കേസില്‍ കുടുക്കുമെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ഭീഷണിപ്പെടുത്തിയതായി സിബിഐ. ആര്യന് ഖാനെ കേസില്‍ പെടുത്തി ഷാരൂഖ് ഖാനില്‍ നിന്ന് പണം വാങ്ങാനായിരുന്നു നീക്കമെന്ന് സിബിഐ എഫ്ഐആറില്‍ പറയുന്നു.
സമീര്‍ വാങ്കഡെ ഗോസാവിക്കൊപ്പം ഗൂഢാലോചന നടത്തി. ഷാരൂഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ 18 കോടിയ്ക്ക് ധാരണയായെന്നും ആദ്യ ഘഡുവായി 50 ലക്ഷം വാങ്ങിയെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
സമീര്‍ വാങ്കഡെയ്ക്കെതിരെ കഴിഞ്ഞ ദിവസം സിബിഐ കേസെടുത്തിരുന്നു. അഴിമതി കുറ്റം ചുമത്തിയാണ് കേസെടുത്തത്. വാങ്കഡെയുമായി ബന്ധപ്പെട്ട 29 സ്ഥലങ്ങളില്‍ സിബിഐ പരിശോധന നടത്തുകയും ചെയ്തിരുന്നു. കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് വാങ്കഡെയെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
2021ലാണ് ആഡംബര കപ്പലില്‍ റെയ്ഡ് നടത്തി ആര്യന് ഖാനെ അടക്കം അറസ്റ്റ് ചെയ്തത്. അന്ന് എന്‍സിബി സംഘത്തിന്റെ മേധാവി ആയിരുന്നു വാങ്കഡെ.