മസ്കറ്റ്: സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസമായി ബജറ്റ് എയർലൈനായ സലാം എയർ ഇന്ത്യയിലേക്കുള്ള സർവ്വീസുകൾ പുനരാരംഭിക്കുന്നു. കോഴിക്കോട്, തിരുവനന്തപുരം, ഹൈദരാബാദ്, ജയ്പൂർ, ലക്നൗ എന്നീ നഗരങ്ങളിലേക്കാണ് സലാം എയർ സർവ്വീസ് പുനരാരംഭിക്കുന്നത്. മസ്കറ്റിൽ നിന്നും ഡിസംബർ അഞ്ച് മുതൽ ഈ അഞ്ച് ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള സർവ്വീസ് ആരംഭിക്കും.
ഒമാൻ്റെ ബജറ്റ് എയർലൈനായ സലാം എയർ സാധാരണക്കാരായ പ്രവാസികൾ ധാരാളമായി ആശ്രയിച്ചിരുന്ന ഒന്നാണ്. ജൂലൈയിലാണ് സലാം എയർ കോഴിക്കോട്ടേക്ക് എന്നാൽ തീർത്തും അപ്രതീക്ഷിതമായാണ് ഒക്ടോബർ ഒന്ന് മുതൽ കമ്പനി ഇന്ത്യയിലേക്കുള്ള സർവ്വീസുകൾ അവസാനിപ്പിച്ചത്. ഇന്ത്യയിലേക്ക് വിമാനങ്ങൾ അയക്കാനുള്ള പരിമിതി മൂലമാണ് സർവ്വീസുകൾ നിർത്തുന്നതെന്ന് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ കമ്പനി വ്യക്തമാക്കിയിരുന്നു.
മസ്കറ്റിലേക്ക് കോഴിക്കോട് നിന്നും നിത്യേനയുള്ള സർവ്വീസ് സലാം എയർ നടത്തിയിരുന്നു. ഇതു കൂടാതെ ദുബൈ, ഫുജൈറ എന്നിവടങ്ങളിൽ നിന്നും മസ്കറ്റ് വഴിയുള്ള പുതിയ സർവ്വീസും ഒമാൻ എയർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർവ്വീസ് ആരംഭിക്കും മുൻപേ ഇന്ത്യയിലേക്കുള്ള സർവ്വീസുകൾ അവർ അവസാനിപ്പിച്ചു. മസ്കറ്റിൽ നിന്നും ജിസിസിയിലെ വിവിധ നഗരങ്ങളിലേക്ക് കണക്ടിവിറ്റി ഉള്ളതിനാൽ പ്രവാസികളിൽ പലരും സലാം എയറിനെ കുറഞ്ഞകാലത്തേക്കെങ്കിലും ആശ്രയിച്ചിരുന്നു. സലാം എയറിൻ്റെ അപ്രതീക്ഷിതമായ പിൻമാറ്റത്തെ തുടർന്ന് മസ്കറ്റ് സെക്ടറിൽ നിരക്ക് വർധനയുണ്ടായതും പ്രവാസികൾക്ക് തിരിച്ചടിയായിരുന്നു.