ഖരീഫ് സീസണിൽ സലാല വിമാനത്തവളത്തിലൂടെ നാല് ലക്ഷം പേർ യാത്ര ചെയ്തതായി എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു. കണക്ക് പ്രകാരം ജൂൺ 21 മുതൽ സെപ്റ്റംബർ 21 വരെ ഏകദേശം 4,63,848 പേർ ആണ് സലാല വിമാനത്താവളം വഴി യാത്ര ചെയ്തിട്ടുള്ളത്. മുൻവർഷത്തേക്കാൾ 41 ശതമാനം വർദ്ധനാവുണ്ടായെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞതിനാൽ ഈ വർഷം ദോഫാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു.
വിസ് എയർ, ഗൾഫ് എയർ, ഫ്ലൈ ദുബായ്, കുവൈറ്റ് ഐർവേയ്സ്, ജസീറ എയർവേയ്സ്, ഫ്ലൈനാസ്, ഖത്തർ എയർവേയ്സ് തുടങ്ങിയ 3385 വിമാനങ്ങൾ സർവീസ് നടത്തിയിട്ടുണ്ടെന്ന് സലാല എയർപോർട്ട് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സലിം അവാദ് അൽ യാഫി പറഞ്ഞു. എല്ലാ ജി സി സി രാജ്യങ്ങളും സലാല വിമാനത്തവളത്തിലേക്ക് നേരിട്ട് സർവീസ് നടത്തിയിട്ടുണ്ട്. അതേസമയം 2021 മായി താരതമ്യം ചെയ്യുമ്പോൾ 49 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖരീഫ് വിടവാങ്ങുകയും സബർ സീസൺ ആരഭിക്കുകയും ചെയ്തതോടെ സഞ്ചാരികളെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് സലാലയിപ്പോൾ. ഇതിന് മുന്നോടിയായി സൈക്ലിങ്, അയൺമാൻ ട്രയത് ല എന്നീ മത്സരങ്ങൾ നടത്തിയിരുന്നു. കൂടാതെ വ്യത്യസ്തങ്ങളായ പരിപാടികളാണ് ഇതിനായി അധികൃതർ പദ്ധതിയിടുന്നത്. വരും ദിവസങ്ങളിൽ ദോഫാറിലെ വിവിധയിടങ്ങളിൽ സാമൂഹിക-സാംസ്കാരിക പരിപാടികളും അരങ്ങേറും.