അഭിലാഷ് ജോഷിയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ കൊത്ത ഒടിടിയില്‍ റിലീസ് ആയത് അടുത്തിടെയാണ്. ചിത്രം ഒടിടിയില്‍ വന്നതിന് പിന്നാലെ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.
ഇത്തരത്തില്‍ താന്‍ ചെയ്ത കാളിക്കുട്ടിയെന്ന കഥാപാത്രത്തിനെ കളിയാക്കിവന്ന ട്രോളുകളോട് പ്രതികരിക്കുകയായിരുന്നു നടി സജിത മഠത്തില്‍.
കിംഗ് ഓഫ് കൊത്തയില്‍ കാളിക്കുട്ടിയെന്ന കഥാപാത്രം കൊത്ത രാജു (ദുല്‍ഖര്‍) കൊല്ലാന്‍ ഒറ്റിക്കൊടുക്കുന്ന സീനിനെ പരിഹസിച്ചു കൊണ്ട് വന്ന ട്രോളുകള്‍ക്കാണ് സജിത മഠത്തിലിന്റെ മറുപടി.
ഈ വിഷയത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും കാളിക്കുട്ടിയെ നേരിട്ട് കണ്ടെത്തിയാല്‍ താന്‍ വിവരം അറിയിച്ചോളാം എന്നുമാണ് സജിത മഠത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിയെ തെറി പറയാനും പരിഹസിക്കാനും ഇന്‍ബോക്സില്‍ എത്തുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്, പ്രസ്തുത വിഷയത്തില്‍ എനിക്ക് യാതൊരു പങ്കുമില്ല. കൊത്ത എന്ന രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടെത്തിയാല്‍ ഞാന്‍ വിവരം അറിയിച്ചോളാം!
(ഇതെങ്കിലും ഫലിക്കുമായിരിക്കും അല്ലെ? എന്തൊരു കഷ്ടമാണിത്.)