സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക്. സിപിഎം സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി തീരുമാനിക്കും. നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെയായിരിക്കും അദ്ദേഹത്തിന് എന്നാണ് സൂചന.
ജൂലൈ മൂന്നിന് ഭരണഘടനയെ അധിക്ഷേപിച്ച് മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു ആറിന് അദ്ദേഹത്തിന്റെ രാജി. അഞ്ച് മാസത്തിന് ശേഷം സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പോലീസിന്റെ റെഫര്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഭരണഘടനയേയോ ഭരണഘടനാ ശില്‍പികളെയോ സജി ചെറിയാന് അവഹേളിച്ചിട്ടില്ലെന്നും വിമര്‍ശനാത്മകമായി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നാണുള്ളത്.
സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചതായി തങ്ങള്‍ക്ക് തോന്നിയിട്ടില്ലെന്നാണ് പ്രസംഗം കേട്ട തിരുവല്ല, റാന്നി എംഎല്‍എമാര്‍ അടക്കം മൊഴി നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന് പിന്നാലെയാണ് സജി ചെറിയാന് മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവിന് കളമൊരുങ്ങിയത്.