ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി കേരളത്തിലെ സഹദും സിയയും. ഇന്ന് രാവിലെയോടെയാണ് ഇവർക്ക് കുഞ്ഞ് പിറന്നത്. എന്നാൽ കുഞ്ഞിനെ സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. പൈലറ്റും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ ആദം ഹാരിയാണ് കുഞ്ഞ് പിറന്ന വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒരുമിച്ചുള്ള ജീവിതത്തിൽ ഒരു കുഞ്ഞ് കൂടി വേണമെന്ന് ട്രാൻസ്ജൻഡർമാരായ സിയ പവലും സഹദും ആഗ്രഹിച്ചിരുന്നു. ഈ സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമായത്. ട്രാൻസ് പുരുഷൻ ആയി മാറിയ സഹദ് ഗർഭം ധരിച്ചിട്ട് ഒൻപത് മാസത്തോളമായി.
അതേസമയം ഇരുവരും ട്രാൻസ് വ്യക്തികളായെങ്കിലും ഇവരുടെ ശരീരം മാറ്റങ്ങൾ സ്വീകരിക്കുന്നതിന്റെ പാതിവഴിയിലാണ്. സഹദ് ട്രാൻസ് മെൻ ആവുന്നതിനായി ഹോർമോൺ തെറാപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തിട്ടുണ്ട്. എന്നാൽ ഗർഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയുടെ ഘട്ടമെത്തിയപ്പോളാണ് കുഞ്ഞെന്ന ആഗ്രഹം ഉണ്ടായത്. അതേസമയം സിയ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയാവാതിരുന്നതും ഇവരുടെ ആഗ്രഹം പൂവണിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലാണ് സഹദിന്റെ ഗർഭപരിചരണ ചികിത്സ നടക്കുന്നത്. എന്നാൽ കുഞ്ഞിന് മുലപ്പാൽ നൽകാനാവില്ലെന്നതിനാൽ ആശുപത്രിയിലെ മിൽക്ക് ബാങ്ക് വഴി സംവിധാനമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ഇവർ വ്യക്തമാക്കി.
കുഞ്ഞ് വാവ വന്നൂ. സഹദും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. സിയ വളരെയധികം എക്സൈറ്റഡായി പുറത്ത് കാത്തിരിക്കുന്നുണ്ട്. ജീവിതത്തിൽ ഇത്രയും സന്തോഷം അനുഭവിച്ച ഒരു നിമിഷമില്ല. കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവരോടൊക്കെ അത് കുഞ്ഞ് വലുതാകുമ്പോൾ പറയും. ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിക്കുന്നു. പെൺകുഞ്ഞോ ആൺകുഞ്ഞോ എന്നല്ല എല്ലാത്തിനുമുപരി, അവരുടെ ലിംഗഭേദം നമുക്ക് ഊഹിക്കാൻ കഴിയും. അവർ വളരട്ടെ, അവരുടെ ഐഡന്റിറ്റി എക്സ്പ്ലോർ ചെയ്യട്ടെ. കുറിപ്പിൽ പറയുന്നു.