ഒരു സ്റ്റേഡിയത്തെ മാത്രമല്ല ഒരു രാജ്യത്തായാകെ ഉന്മാദപ്പെടുത്തിയ പേരാണത്. ഓരോ ക്രിക്കറ്റ് പ്രേമിക്കും മറക്കാനാകാത്ത ആർപ്പുവിളിയാണ് സച്ചിൻ, സച്ചിൻ എന്ന ആ ആരവം. കയ്യിലെടുത്ത ക്രിക്കറ്റ് ബാറ്റ് മാന്ത്രിക ദണ്ഡുപോലെ പ്രയോഗിച്ച് റൺസുകൾ വാരിക്കൂട്ടിയ കുറിയ മനുഷ്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ക്രിക്കറ്റ് ദൈവമായിരുന്നു. തലമുറകളെ ആവേശം കൊള്ളിച്ച ക്രിക്കറ്റ് ഇതിഹാസം ഇന്ന് അൻപത് വയസ്സ് പൂർത്തിയാക്കുമ്പോൾ ജന്മദിനാശംസകൾ നേർന്നും ദീർഘായുസ്സിനായി പ്രാർത്ഥിച്ചും കൂടെയുണ്ട് കോടിക്കണക്കിന് ആരാധകർ.
മുൻതലമുറയിൽ സർ ബ്രാഡ്മാനൊപ്പവും പിന്നീട് സുനിൽ ഗാവ്സകർക്കും വിവിയൻ റിച്ചാർഡ്സിനും ഒപ്പവും ശേഷം ബ്രയാൻ ലാറയ്ക്കും റിക്കി പോണ്ടിംഗിനും രാഹുൽ ദ്രാവിഡും പോലുള്ള സമകാലികരോടും സച്ചിൻ താരത്മ്യം ചെയ്യപ്പെട്ടു. വിരാട് കോലിയും രോഹിത് ശർമയും പിൻക്കാലത്ത് സച്ചിനോട് ചേർത്ത് വയ്ക്കപ്പെട്ടു. തീർച്ചയായും ക്രിക്കറ്റിൻ്റെ പലതലമുറകളിൽ ഏത് പ്രതിഭയും അളക്കപ്പെടുന്നത് സച്ചിനോട് ചേർത്തുവച്ചാണ്.
1983 ൽ കപിലിന്റെ ചെകുത്താന്മാർ ലോർഡ്സിൽ കപ്പ് ഉയർത്തിയപ്പോൾ മുതൽ ക്രിക്കറ്റ് ഇന്ത്യയിൽ ജനപ്രിയമായിരുന്നു. എന്നാൽ അതൊരു മതമായത് സച്ചിനൊരും ദൈവമായി വാഴ്ത്തപ്പെട്ട് തുടങ്ങിയതോടെയാണ്. 1989 ൽ പാകിസ്ഥാൻ പര്യടനത്തിനായുള്ള ടീമിൽ ഇടംപിടിക്കുമ്പോൾ സച്ചിന് പ്രായം വെറും 16 വയസ്സ്..ഇന്ത്യയ്ക്കായി അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ അന്നും ഇന്നും സച്ചിൻ തന്നെ. പിന്നീടങ്ങോട്ട് ആ ബാറ്റിൽ നിന്നും പിറന്നാത്തതൊക്കെയും ചരിത്രമായിരുന്നു. അടിച്ചെടുത്ത ഓരോ റൺസും ഓരോ സെഞ്ചുറിയും ക്രിക്കറ്റ് പ്രേമികൾ നെഞ്ചിലേറ്റി. മറ്റൊരു കായികതാരത്തിനും അന്ന് വരെ ലഭിക്കാത്ത പിന്തുണയും ജനപ്രീതിയും സച്ചിന് ലഭിച്ചത് വളരെ ചുരുങ്ങിയ കാലം കൊണ്ടായിരുന്നു. ഓലമടലിൽ ചെത്തിയെടുത്ത ബാറ്റിൽ MRF എന്ന് കോറിയിട്ട് സ്വയം സച്ചിനെന്ന് സ്വപ്നം കണ്ടിരുന്നു ഇന്ത്യൻ ബാല്യം.
റെക്കോർഡുകളും ചരിത്രനേട്ടങ്ങളുമെല്ലാം ഓരോന്നോരോന്നായി കീഴടക്കിയപ്പോഴും വേൾഡ് കപ്പിൽ മുത്തമിടാനാകാതെ അപൂർണ്ണനായി നിന്ന സച്ചിന് 2011 ൽ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി വിജയകിരീടം കൈമാറിയതോടെ ആ ക്രിക്കറ്റ് ജീവിതം പൂർണതയിലേക്കെത്തി. തൊട്ടടുത്ത വർഷം ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടി അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറികളെന്ന അപൂർവ്വ നേട്ടം കൈവരിച്ച് 2012 ൽ ക്രിക്കറ്റ് ദൈവം ഏകദിനത്തിൽ നിന്നൊഴിഞ്ഞു. 2013 നവംബറിൽ വിൻഡീസിനെതിരെയായിരുന്നു സച്ചിൻ്റെ അവസാന ടെസ്റ്റ് മത്സരം.
കളിക്കളത്തിലെ സച്ചിനെയും കളത്തിനു പുറത്തെ സച്ചിനെയും ലോകം എന്നും വാഴ്ത്തിപ്പാടിയിരുന്നു. ക്രിക്കറ്റിൽ മാന്യതയുടെ അവസാന വാക്കായി സച്ചിൻ വിശേഷിക്കപ്പെട്ടു. വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഒരേ സ്വരത്തിൽ ഒരേ താളത്തിൽ ക്രിക്കറ്റ് പ്രേമികൾ ആരവത്തോടെ പറയുന്നതും അത് കൊണ്ട് തന്നെ
സച്ചിൻ….. സച്ചിൻ….