വ്യത്യസ്തമായ ഷോട്ടുകൾ കൊണ്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ് രാജസ്ഥാനിലെ ബാർമർ ജില്ലയിൽ നിന്നുള്ള ഒരു പെൺകുട്ടി. കർഷക കുടുംബത്തിലെ അംഗമായ മൂമൽ മെഹർ എന്ന എട്ടാം ക്ലാസുകാരിയുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. കൂടാതെ ക്രിക്കറ്റ് ദൈവം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ വരെ വിസ്മയിപ്പിച്ചിരിക്കുകയാണ് ഈ 14കാരിയുടെ ബാറ്റിംഗ്.
ഇന്നലെയാണ് ലേലം നടന്നത്. ഇന്ന് ബാറ്റിംഗും തുടങ്ങിയോ? നന്നായിട്ടുണ്ട്. ബാറ്റിംഗ് ശരിക്കും ആസ്വദിച്ചു – പെൺകുട്ടിയുടെ ബാറ്റിംഗ് വീഡിയോ പങ്കുവച്ചുകൊണ്ട് സച്ചിൻ ട്വിറ്ററിൽ കുറിച്ചു. അവിശ്വസനീയമായ ഷോട്ടുകൾ! ബാർമറിൽ നിന്നുള്ള ഈ പെൺകുട്ടി ഗ്രൗണ്ടിലുടനീളം പന്ത് അനായാസം അടിക്കുന്നത് അത്ഭുതകരം. ഭാവി ചാമ്പ്യനാവുമെന്നുറപ്പ് ബ്രാവോ, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും വീഡിയോ ട്വിറ്ററിൽ പങ്കുവച്ചുകൊണ്ട് കുറിച്ചു.
Kal hi toh auction hua.. aur aaj match bhi shuru? Kya baat hai. Really enjoyed your batting. ????????????#CricketTwitter #WPL @wplt20
(Via Whatsapp) pic.twitter.com/pxWcj1I6t6
— Sachin Tendulkar (@sachin_rt) February 14, 2023
അതേസമയം സൂര്യകുമാർ യാദവിൻ്റെ ബാറ്റിംഗ് ഇഷ്ടമാണെന്നും അദ്ദേഹത്തിൻ്റെ ബാറ്റിംഗ് ശൈലി പിന്തുടരാൻ ആഗ്രഹിക്കുന്നുണ്ടെന്നും മൂമൽ പറഞ്ഞു. യാദവിനെ പോലെ എനിക്ക് ലോങ്ങ് ഷോട്ടുകൾ കളിക്കണം. ദിവസവും നാല് മണിക്കൂർ ക്രിക്കറ്റ് കളിക്കും. കൂടാതെ അടുത്തിടെ റൂറൽ ഒളിമ്പിക്സിൽ പങ്കെടുക്കുകയും ഗ്രാമപഞ്ചായത്ത് തലം മുതൽ ജില്ലാ തലം വരെ കളിക്കുകയും ചെയ്തിട്ടുണ്ട് മൂമൽ. എന്നാൽ നിർഭാഗ്യവശാൽ ടീം പരാജയപ്പെട്ടുവെന്നും മൂമൽ മെഹർ പറഞ്ഞു. അതേസമയം ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവി വാഗ്ദാനമാണ് മൂമൽ എന്ന് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.