ശബരിമല വിമാനത്താവള നിര്‍മ്മാണത്തിന് സ്ഥലമേറ്റെടുക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കി. എരുമേലി സൗത്ത് , മണിമല വില്ലേജുകളിലായി ആകെ 2570 ഏക്കര്‍ സ്ഥലം സർക്കാർ ഏറ്റെടുക്കും. ചെറുവള്ളി എസ്റ്റേറ്റിനു പുറത്തുനിന്ന് 307 ഏക്കര്‍ ഏറ്റെടുക്കും. 3500 മീറ്റര്‍ റണ്‍വേ അടക്കം വിപുലമായ മാസ്റ്റര്‍ പ്ലാന്‍ ആണ് തയ്യാറാക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ വിമാനത്താവള നിര്‍മ്മാണവുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സ്ഥലമേറ്റെടുക്കാനുള്ള പരിശോധനകള്‍ രണ്ടു വര്‍ഷം മുമ്പ് തുടങ്ങിയിരുന്നു. മണിമല വില്ലേജിലാണ് വിമാനത്താവളത്തിന്റെ പ്രധാന നിര്‍മ്മിതികള്‍ വരുന്നത്. ഇവിടം പരിസ്ഥിതി ലോല മേഖല ആയതിനാല്‍ കേന്ദ്ര പരിസ്ഥിതി, വനം വ്യോമയാന മന്ത്രാലയങ്ങളുടെ അനുമതി വേണ്ടി വരും.
ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ കോടതിയില്‍ അനുകൂല തീരുമാനം വന്നിരുന്നു. ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമാണ് ഇപ്പോഴും ചെറുവള്ളി ഹാരിസണ്‍ എസ്റ്റേറ്റ്. ഇത് തിരിച്ചുപിടിക്കാനുള്ള സിവില്‍ കേസ് പാലാ കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. കോട്ടയം കലക്ടറാണ് ഹര്‍ജി നല്‍കിയത്. ഇതില്‍ എതിര്‍പ്പുമായി ബിലിവേഴ്സ് ചര്‍ച്ചും ഹര്‍ജി നല്‍കിയിരുന്നു.